'കോക്രോച്ച് ജനത പാർട്ടി'യെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നു, ജനാധിപത്യ വിരുദ്ധ കേന്ദ്ര നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് പിണറായി വിജയൻ

Published : May 23, 2026, 08:16 PM IST
Cockroach Janta Party

Synopsis

സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായ 'കോക്രോച്ച് ജനത പാർട്ടി'യുടെ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ പൂട്ടിച്ചതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ശക്തമായി പ്രതികരിച്ചു. ഇത് ജനാധിപത്യത്തോടുള്ള അസഹിഷ്ണുതയും യുവജന പ്രതിഷേധങ്ങളെ ബിജെപി ഭയക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. 

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ പുതിയ രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായ 'കോക്രോച്ച് ജനത പാർട്ടി'യുടെ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ പൂട്ടിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഇത് ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്നും ഈ കൂട്ടായ്മ ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്നു വരുമോ എന്ന ഭയമാണ് ബിജെപിയെ ഭരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ വേഗത്തിലാണ് ഈ പ്ലാറ്റ്‌ഫോമിന് ജനശ്രദ്ധയും സ്വീകാര്യതയും ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിലില്ലായ്മയും അവഗണനയും അനുഭവിക്കുന്ന യുവാക്കൾ ഈ പൊടുനന്നെയുള്ള പ്രതിഷേധത്തിലേക്ക് ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയോടുള്ള കടുത്ത അസന്തുഷ്ടി കാരണമാണെന്ന് പിണറായി വിജയൻ വിലയിരുത്തി. യുവാക്കളെ 'പാറ്റകൾ' എന്ന് വിശേഷിപ്പിച്ചതിനെതിരെയുള്ള ഈ പ്രതിഷേധത്തെ വെറുമൊരു ക്ഷിപ്ര പ്രതികരണമായി ചുരുക്കിക്കാണാൻ കഴിയില്ല. തൊഴിലില്ലായ്മ, അസമത്വം, ചൂഷണം എന്നിവ നിറഞ്ഞ നിലവിലെ വ്യവസ്ഥിതിക്കെതിരെയുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണതയാണ് ഇതിൽ കാണാൻ സാധിക്കുന്നത്.

യുവജനങ്ങളുടെ ഈ വികാരം രാജ്യത്ത് പടരുമെന്ന ഭയമാണ് കേന്ദ്രസർക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമർത്തുന്ന തരത്തിലുള്ള നടപടികളിലേക്ക് നയിക്കുന്നത്. ഒരു രാഷ്ട്രീയ ആശയത്തോടോ അല്ലെങ്കിൽ അവരുടെ പ്രതിഷേധ രൂപത്തോടോ ആർക്കും വിയോജിപ്പുണ്ടാകാം. എന്നാൽ ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘടന സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന കൂട്ടായ്മയെ നിയമങ്ങളും ഭരണനടപടികളും ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാ മൂല്യങ്ങൾക്കും പൂർണ്ണമായും വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ ഈ ജനാധിപത്യ വിരുദ്ധ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും, ജനാധിപത്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന രാജ്യത്തെ എല്ലാ ശക്തികളും ഇതിനെതിരെ ഒന്നിച്ച് ശക്തമായി പ്രതിഷേധിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് പിണറായി വിജയൻ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി; രമേശ് ചെന്നിത്തലക്ക് ഒമ്പതും പികെ കുഞ്ഞാലിക്കുട്ടിക്ക് രണ്ടും, ഉത്തരവ് പുറത്തിറങ്ങി
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറി, പിബി നൂഹ് ജിഎസ്ടി കമ്മീഷണർ