
തിരുവനന്തപുരം: എൽഡിഎഫ് മണ്ഡലം കണ്‍വെൻഷനുകൾ ഇന്ന് മുതൽ. അരൂർ, കോന്നി മണ്ഡലം കണ്‍വെൻഷനുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. ആദ്യമെ സ്ഥാനാർത്ഥികളെ ഇറക്കാൻ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് സിപിഎം. പാലാ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ പശ്ചാത്തലത്തിൽ വർധിത ആവേശത്തിലാണ് സിപിഎം. ഉപതെരഞ്ഞെടുപ്പ് കിക്കോഫിന് തൊട്ട് പിന്നാലെയുള്ള ആദ്യ ഗോളിലെ ആവേശം ബൂത്ത് തലം വരെ പ്രകടമാണ്.
കണ്‍വെൻഷനുകളിലേക്ക് കടക്കുന്നതോടെ അഞ്ചിടത്തും എൽഡിഎഫും സജ്ജമാകും. വട്ടിയൂർക്കാവ് കണ്‍വെൻഷനിൽ കോടിയേരി ബാലകൃഷ്ണനും കോന്നിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. തിങ്കളാഴ്ച്ച അരൂരിലും പിണറായി എത്തും. എറണാകുളത്ത് എ വിജയരാഘവനും, മഞ്ചേശ്വരത്ത് മന്ത്രി ഇ ചന്ദ്രശേഖരനും കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന തെരഞ്ഞെടുപ്പിൽ ജനം എൽഡിഎഫിനൊപ്പമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നെയാണ് എൽഡിഎഫിന്‍റെ പ്രചാരണായുധം.
ശബരിമല വാർഷികത്തിൽ വട്ടിയൂർക്കാവിലടക്കം വിശ്വാസ വിവാദങ്ങൾ വീണ്ടും തേച്ചുമിനുക്കുകയാണ് യുഡിഎഫും ബിജെപിയും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ രണ്ട് സംസ്ഥാനസെക്രട്ടറിയേറ്റ് അംഗങ്ങളും മന്ത്രിസഭാംഗങ്ങളും പ്രചാരണത്തിന് നേതൃത്വം നൽകും. വട്ടിയൂർക്കാവിൽ എ വിജയരാഘവൻ,ആനത്തലവട്ടം ആനന്ദൻ, എ കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, കോന്നിയിൽ കെ എൻ ബാലഗോപാൽ, കെ ജെ തോമസ്,എം എം മണി,കെ കെ ഷൈലജ, അരൂരിൽ എം വി ഗോവിന്ദൻ, തോമസ് ഐസക്ക്, ജി സുധാകരൻ എറണാകുളത്ത് എ സി മൊയ്തീൻ, പി രാജീവ്, കെ രാധാകൃഷ്ണൻ, മഞ്ചേശ്വരം ഇ പി ജയരാൻ, പി കരുണാകരൻ, പി കെ ശ്രീമതി എന്നിവർക്കാണ് സിപിഎം ചുമതലകൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam