
കൊച്ചി: പിറവം പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മതപരമായ ചടങ്ങുകൾ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെ പി ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പിറവം പള്ളിക്കേസിൽ സുപ്രീം കോടതി വിധി സമാധാനപരമായി നടപ്പാക്കാൻ 18 നിർദേശങ്ങളാണ് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്. മറ്റ് ഇടവകകളിൽ നിന്നുള്ളവരും പിറവം പള്ളിയിലേക്ക് വരുന്നതിനാൽ ഇടവകാംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകണമെന്നതാണ് പ്രധാന നിർദേശം. 1934-ലെ സഭാ ഭരണഘടന അംഗീകരിക്കുന്നുവെന്ന് എഴുതി നൽകണം. വോട്ടർ ഐഡി, ആധാർ എന്നീ കാർഡുകളിലൊന്നിന്‍റെ പകർപ്പും ഇതോടൊപ്പം പൊലീസ് സ്റ്റേഷനിൽ നൽകണം. ഇവർക്ക് പൊലീസ് നൽകുന്ന പാസ് ഉപയോഗിച്ച് മാത്രമേ പള്ളിയിലും വളപ്പിലും പ്രവേശിക്കാൻ കഴിയൂ. പള്ളിയിൽ ഒരേ സമയം പ്രവേശിക്കുന്നവരുടെ എണ്ണവും സമയവും നിയന്ത്രിക്കുന്നതാണ് മറ്റ് ചില നിർദേശങ്ങൾ.
പിറവം പള്ളിയിൽ പ്രവേശിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി അനുസരിച്ച് ഭരണചുമതല തങ്ങൾക്കാണെന്നും വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ യാക്കോബായ സഭയ്ക്കുവേണ്ടി സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണെന്നും ഓർത്തഡോക്സ് വിഭാഗം ആരോപിച്ചിരുന്നു.
ഈ ഹർജിയിലാണ്, ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ആരാധനാവകാശം സംരക്ഷിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
നേരത്തേ മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ ആരാധനാവകാശം ഓർത്തഡോക്സ് വിഭാഗത്തിനാണെന്ന സുപ്രീംകോടതി ഉത്തരവ് മറികടന്ന്, ഓർത്തഡോക്സ് - യാക്കോബായ സഭകൾക്ക് ആരാധനാസമയം വിഭജിച്ച് വേവ്വേറെ നൽകണമെന്ന് ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് അരുൺ മിശ്ര, "ഈ ഉത്തരവ് പാസ്സാക്കിയ ജഡ്ജിയോട് കേരളം ഇന്ത്യയിലാണെന്ന് പറഞ്ഞേക്കൂ'', എന്നാണ് പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam