'അധികാരം എനിക്കാണ്; മറ്റാരെങ്കിലും സംസ്ഥാന കമ്മിറ്റി വിളിച്ചാൽ അത് അനധികൃതം': പി ജെ ജോസഫ്

By Web TeamFirst Published Jun 16, 2019, 10:59 AM IST
Highlights

സംസ്ഥാന കമ്മിറ്റി വിളിച്ചവർക്ക് നിയമപരമായ പ്രവൃത്തിയല്ല ചെയ്യുന്നതെന്ന അറിയിപ്പ് കൊടുത്തിട്ടുണ്ടെന്നും എന്നിട്ടും അവർ യോഗവുമായി മുന്നോട്ട് പോവുകയാണെങ്കിൽ എന്ത് നടപടിയെടുക്കുമെന്ന് ആലോചിക്കുമെന്നും പി ജെ ജോസഫ് 

കോട്ടയം: ബ‍ദൽ സംസ്ഥാന കമ്മിറ്റി വിളിച്ചതിലെ അതൃപ്തി വീണ്ടും ശക്തമായുയർത്തി പിജെ ജോസഫ്. ചെയ‍ർമാന്‍റെ അഭാവത്തിൽ വർക്കിംങ് ചെയ‍ർമാന് തന്നെയാണ് ഉത്തരവാദിത്വം എന്നും ആ നിലയ്ക്ക് കമ്മിറ്റി വിളിക്കാൻ അധികാരപ്പെട്ടയാൾ താനാണെന്നും പറഞ്ഞ പി ജെ ജോസഫ് അങ്ങനെയല്ലാതെ മറ്റാരെങ്കിലും യോഗം വിളിച്ചിട്ടുണ്ടെങ്കിൽ അത് അനധികൃതമാണെന്നും കൂട്ടിച്ചേർത്തു.

തെറ്റിദ്ധാരണയുടെ പുറത്ത് ധാരാളം ആളുകൾ യോഗത്തിന് പോവുമെന്നും എന്നാൽ, അവർ പിന്നീട് തിരിച്ച് വരുമെന്നും പി ജെ ജോസഫ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിച്ചവർക്ക് നിയമപരമായ പ്രവൃത്തിയല്ല ചെയ്യുന്നതെന്ന അറിയിപ്പ് കൊടുത്തിട്ടുണ്ടെന്നും എന്നിട്ടും അവർ യോഗവുമായി മുന്നോട്ട് പോവുകയാണെങ്കിൽ എന്ത് നടപടിയെടുക്കുമെന്ന് ആലോചിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു. 

പിളർപ്പിന് തൊട്ടരികിൽ നിൽക്കുന്ന കേരള കോണ്‍ഗ്രസ് എം തർക്കത്തിൽ കോൺഗ്രസ് നേതാക്കളും ഇടപെട്ടിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും ജോസഫുമായും ജോസ് കെ മാണിയുമായും ഫോണിൽ സംസാരിച്ചു. ചെയർമാൻ സ്ഥാനത്തിന്‍റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന നിലപാടിൽ തന്നെയാണ് ഇരു പക്ഷവും. പിളർപ്പ് ഒഴിവാക്കണമെന്ന നേതാക്കളുടെ ആവശ്യത്തോട് അനുകൂലമായല്ല ഇരുകൂട്ടരും പ്രതികരിച്ചത്. 

ജോസ് കെ മാണി വിഭാഗം വിളിച്ച് ചേര്‍ക്കുന്ന സംസ്ഥാന കമ്മിറ്റി ഇന്ന് ചേരാനിരിക്കെ യോഗത്തിൽ പങ്കെടുക്കരുതെന്ന് എംഎൽഎമാർക്കും എംപിമാർക്കും പി ജെ ജോസഫ് ഇ-മെയിൽ അയച്ചിരുന്നു. ചെയർമാന്‍റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് ഇ-മെയിലിൽ പറഞ്ഞു. ക്ഷണമുണ്ടായാലും യോഗത്തിൽ പങ്കെടുക്കില്ലെന്ന് ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

ഒടുവില്‍ രണ്ടില വീണ്ടും രണ്ടാകുമെന്നത് ഉറപ്പാവുകയാണ്. കെ എം മാണിയുടെ മരണത്തിന് ശേഷം നടന്ന അധികാര തര്‍ക്കം പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് എത്തിച്ചു. പി ജെ ജോസഫും ജോസ് കെ മാണിയും ഇനി രണ്ട് വഴിക്ക്. ഇതുവരെ നടന്നതെല്ലാം അനൗദ്യോഗിക ചര്‍ച്ചകളും സമവായ ശ്രമങ്ങളുമാണെങ്കില്‍ ഇന്ന് ജോസ് കെ മാണി വിഭാഗം ഉച്ചയ്ക്ക് രണ്ടിന് കോട്ടയം സിഎസ്ഐ ഹാളില്‍ വിളിച്ച സംസ്ഥാന കമ്മിറ്റി യോഗം പാര്‍ട്ടിയുടെ ഗതി നിര്‍ണയിക്കും.

click me!