അടുത്ത തെരഞ്ഞെടുപ്പോടെ ജോസ് കെ മാണി വിഭാഗം സംപൂജ്യരാകുമെന്ന് പി.ജെ.ജോസഫ്

By Web TeamFirst Published Sep 12, 2020, 5:57 PM IST
Highlights

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തതോടെ യഥാർത്ഥ കേരള കോൺ​ഗ്രസ് തങ്ങളാണെന്ന് വ്യക്തമായതായും പിജെ ജോസഫ് പറഞ്ഞു. 

കോട്ടയം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ജോസ് കെ മാണി വിഭാഗം സംപൂജ്യരാകുമെന്ന് പിജെ ജോസഫ്. ഒരൊറ്റ ജനപ്രതിനിധി പോലും ജോസ് പക്ഷത്ത് നിന്നും ഇനിയുണ്ടാവില്ല. 

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തതോടെ യഥാർത്ഥ കേരള കോൺ​ഗ്രസ് തങ്ങളാണെന്ന് വ്യക്തമായതായും പിജെ ജോസഫ് പറഞ്ഞു. നിയമസഭയിൽ പാ‍ർട്ടിയുടെ വിപ്പ് ലംഘിച്ച റോഷി അഗസ്റ്റിൻ, എൻ ജയരാജ്‌ എന്നീ എംഎൽഎമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് ഉടൻ സ്പീക്കറെ കാണുമെന്നും പിജെ ജോസഫ് അറിയിച്ചു.

ജോസ് കെ മാണിക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ച  കമ്മീഷന്‍റെ ഉത്തരവ്   നിമയപരമായി നിലനില്‍ക്കില്ല എന്നായിരുന്നു ഹൈക്കോടതിയിൽ പിജെ ജോസഫിന്‍റെ വാദം. കമ്മീഷന്‍ തീരുമാനത്തിന് ആധാരമായ രേഖകളില്‍ വസ്തുതാപരമായ പിഴവുണ്ടെന്നും ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് സിവില്‍ കോടതി വിലക്കിയിട്ടുണ്ടെന്നും  ഇത് മറികടക്കാന്‍ കമ്മീഷന് കഴിയില്ലെന്നുമയിരുന്നു  പിജെ ജോസഫിന്‍റെ വാദം. 

പിജെ ജോസഫിനും ജോസ് കെ മാണിക്കും വേണ്ടി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരാണ്  ഹൈക്കോടതിയില്‍ ഹാജരായത്.  പ്രാഥമിക വാദത്തിനു ശേഷമാണ്  കമ്മീഷന്‍ ഉത്തരവ്  ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത് . അടുത്ത മാസം ഒന്നിന് ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

click me!