
തൊടുപുഴ: തൊടുപുഴയിലെ സാമൂഹ്യ അടുക്കളകളിലേക്ക് സൗജന്യമായി പാൽ നൽകി പി ജെ ജോസഫ് എംഎൽഎ. കൊവിഡ് പ്രതിസന്ധി തീരും വരെ പാൽ വിതരണം തുടരുമെന്ന് പി ജെ ജോസഫ് അറിയിച്ചു.
പി ജെ ജോസഫിന്‍റെ പുറപ്പുഴയിലെ വീട്ടിലെ പശുഫാമിൽ നിന്നാണ് പാൽ വിതരണം. തൊടുപുഴ നിയോജക മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ സാമൂഹ്യ അടുക്കളകൾ തുറന്നിട്ടുണ്ട്. പലയിടത്തും ദൈന്യംദിന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നത് ദുഷ്കരമാണ്. ഇത് മനസ്സിലാക്കിയാണ് സാമൂഹ്യ അടുക്കളകളിലേക്കായി പ്രതിദിനം ആദ്യഘട്ടത്തിൽ 25 ലിറ്റർ പാൽ നൽകാനുള്ള തീരുമാനം.
മുന്നൂറോളം പശുക്കളാണ് പി ജെ ജോസഫിന്‍റെ വീട്ടിലെ ഫാമിലുള്ളത്. നാല് ദിവസം മുതൽ നാല് വയസ് വരെ പ്രായമുള്ള പശുക്കൾ ഫാമിലുണ്ട്. പ്രതിദിന പാൽ ഉത്പാദനം ആയിരം ലിറ്ററാണ്. തൊടുപുഴയ്ക്കടുത്തുള്ള പാൽക്കമ്പനിയിലേക്കാണ് ഫാമിൽ നിന്ന് പാൽ നൽകുന്നത്. ഇതിൽ ചില നീക്കുപോക്കുകൾ വരുത്തിയാണ് സാമൂഹ്യ അടുക്കളകളിലേക്ക് പാൽ നൽകാനുള്ള തീരുമാനം. കേരള കോൺഗ്രസ് യുവജന വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് സൗജന്യ പാൽ വിതരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam