
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ താത്കാലിക ചുമതല പിജെ ജോസഫിന്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും വരെ വര്‍ക്കിംഗ് ചെയര്‍മാനാണ് താത്കാലിക ചുമതല നല്‍കേണ്ടതെന്നും ഇതനുസരിച്ചുള്ള സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്നും സംഘടനാ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം അറിയിച്ചു.
ഇതോടൊപ്പം പാര്‍ട്ടി സ്വന്തം നിലയില്‍ സംഘടിപ്പിക്കുന്ന കെഎം മാണി അനുസ്മരണ ചടങ്ങ് മെയ് 15 ബുധനാഴ്ച വൈകിട്ട് സെക്രട്ടേറിയറ്റിന് അടുത്തുള്ള മന്നം മെമ്മോറിയല്‍ ഹാളില്‍ നടക്കും. മാണിയുടെ 41-ാം ചരമദിനം കഴിഞ്ഞാണ് അനുസ്മരണ സമ്മേളനം നടത്തുന്നതെന്നും ജോയ് എബ്രഹാം പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ട്ടി പാര്‍ലമെന്‍ററി ലീഡര്‍ സ്ഥാനങ്ങളിലേക്ക് സമയബന്ധിതമായി പുതിയ ആളുകളെ നിയോഗിക്കുമെന്നും ഇതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ജോയ് എബ്രഹാം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കെ എം മാണിയുടെ മരണം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടുണ്ടും പുതിയ പാര്‍ട്ടി ചെയര്‍മാനെ പ്രഖ്യാപിക്കാത്തതും പാര്‍ട്ടി സ്വന്തം നിലയില്‍ അനുസ്മരണ സമ്മേളനം വിളിച്ചു കൂട്ടാഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് താല്‍കാലിക ചെയര്‍മാനായി പിജെ ജോസഫിനെ നിശ്ചയിച്ചത്. മാണിയുടെ മകനും പാര്‍ട്ടി വൈസ് ചെയര്‍മാനുമായ ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പത്ത് ജില്ലകളിലെ പ്രസിഡന്‍റുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പിജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളിലെ ജോസഫ് പക്ഷവും രംഗത്തുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam