സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ ആര്‍ക്കും അധികാരമില്ല; വിളിച്ചാലും പോവില്ല: പി ജെ ജോസഫ്

By Web TeamFirst Published Jun 15, 2019, 8:18 PM IST
Highlights

യോഗത്തിലേക്ക് ക്ഷണിച്ചുവെന്നത് തെറ്റായ കാര്യമാണ്. ലീഡറുടെ അഭാവത്തിൽ ഡെപ്യൂട്ടി ലീഡർ ആണ് ലീഡർ എന്നും പി ജെ ജോസഫ്

കോട്ടയം: ജോസ് കെ മാണി വിഭാഗം നാളെ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ ശക്തമായി പ്രതികരിച്ച് പിജെ ജോസഫ്. സംസ്ഥാന കമ്മിറ്റി വിളിക്കാൻ ആർക്കും അധികാരമില്ലെന്നും ക്ഷണം കിട്ടിയാലും യോഗത്തിൽ പങ്കെടുക്കില്ലെന്നും പിജെ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യോഗത്തിലേക്ക് ക്ഷണിച്ചുവെന്ന് ജോസ് കെ മാണി പറയുന്നുണ്ടെങ്കില്‍ അത് തെറ്റായ കാര്യമാണ്. ലീഡറുടെ അഭാവത്തിൽ ഡെപ്യൂട്ടി ലീഡർ ആണ് ലീഡർ എന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. 

ജോസഫിന്‍റെ ഇന്നലത്തെ ഒത്തുതീർപ്പ് ഫോർമുല തള്ളിയ ജോസ് കെ മാണി ഇന്ന് ഒരു പടി കൂടി കടന്നാണ് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചത്. നാളെ ഉച്ചയ്ക്ക് രണ്ടിന് കോട്ടയം സിഎസ്ഐ ഹാളിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുക്കും. അതോടെ ജോസഫും ജോസ് കെ മാണിയും രണ്ട് വഴിക്കാകും. 

സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് 127 പേർ ഒപ്പിട്ട കത്ത് ജോസ് കെ മാണി വിഭാഗം ജോസഫിന് നൽകിയിരുന്നു. ജോസഫ് ഇതിനെ അവഗണിച്ചതോടെയാണ് സമാന്തരമായി യോഗം വിളിക്കാൻ ജോസ് കെ മാണി വിഭാഗം തീരുമാനിച്ചത്.

ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുള്ള സാഹചര്യത്തിൽ വിമത പ്രവർത്തനമായി യോഗത്തെ വ്യാഖ്യാനിക്കാൻ കഴിയില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ച നിയമോപദേശം.

"കെ എം മാണിയുടെ ഇരിപ്പിടത്തില്‍ പി ജെ ജോസഫ് സ്വയം ഇരുന്നത് എംഎൽഎമാരോട് ചോദിക്കാതെയാണ്. ഈ സാഹചര്യത്തിലാണ് ഭരണഘടനാപരമായി സംസ്ഥാന കമ്മിറ്റി ചേരുന്നത്. ജോസഫിനടക്കം നാളെ എല്ലാവർക്കും ക്ഷണമുണ്ട്" ജോസ് കെ മാണി പറഞ്ഞു. 

പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെടില്ലെന്നും ജോസ് കെ മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നു. പാർട്ടി എംപിമാർക്ക് അടക്കം പാർലമെൻററി പാർട്ടിയിൽ വോട്ടെടുപ്പിന് അവകാശമുണ്ടെന്നും ജോസ് കെ മാണി വിഭാഗം പറയുന്നു. ജോസഫ് വിഭാഗത്തിലെ ഇനിയുള്ള നീക്കം നിർണായകമാണ്. പിളരുമ്പോൾ ഇനി ഇരുപക്ഷവും നിയമപോരാട്ടത്തിലേക്കും കടക്കും.

click me!