'ജമീല സ്ഥാനാ‍ത്ഥിയാകുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കും', പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം

By Web TeamFirst Published Mar 7, 2021, 5:22 PM IST
Highlights

ജമീലയെ മത്സരിപ്പിച്ചാൽ അത് എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടതായാണ് വിവരം.

പാലക്കാട്: തരൂർ സ്ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഎം പാലക്കാട് ഘടകത്തിലെ കലാപം കൂടുതൽ രൂക്ഷമാകുന്നു. മന്ത്രി എകെ ബാലന്റെ ഭാര്യ പികെ ജമീലയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. ജമീലയെ മത്സരിപ്പിച്ചാൽ അത് എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടതായാണ് വിവരം. നേതാക്കളുടെ സമ്മർദംമൂലം പി കെ ജമീലയുടെ സ്ഥാനാർഥിത്വം വേണ്ടെന്ന് വെക്കുമെന്ന് സൂചനകളുണ്ട്.

പി കെ ജമീല സ്ഥാനാർഥിയാക്കുന്നതിനെതിരെ പാലക്കാട് നഗരത്തിലും തരൂരിലും ഇന്ന് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ജമീലയുടെ സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പായതോടെയാണ് പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് പരിസരം, തരൂർ മണ്ഡലത്തിലെ വിവിധ ഇടങ്ങൾ എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തരൂരിൽ ആദ്യം പരിഗണിക്കപ്പെട്ടിരുന്ന പട്ടികജാതി ക്ഷേമസമിതി നേതാവ് വാവ പൊന്നു കുട്ടൻ വേണ്ടിയും പോസ്റ്ററുകൾ ഉണ്ട്. കുടുംബവാഴ്ച അറപ്പ് എന്നുപറയുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സേവ് സിപിഎം ഫോറം എന്ന പേരിലായിരുന്നു. അതേ സമയം നിലവിലുള്ളത് അന്തിമപട്ടിക അല്ല എന്നും നിർദേശങ്ങൾ മാത്രം എന്നും പറഞ്ഞ് പോസ്റ്റുകളെ എകെ ബാലൻ തള്ളിക്കളഞ്ഞു. 

 

click me!