
പാലക്കാട്: വിഭാഗീയതയുടെ പേരിൽ സിപിഎമ്മിൽ നടപടി നേരിട്ട മുൻ എംഎൽഎ പി.കെ ശശി എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവന്റെ പ്രചാരണത്തിൽ സജീവം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.കെ ശശിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം വിട്ടു നിന്നതോടെ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് മണ്ണാർക്കാട് സംഭവിച്ചത്. എന്നാൽ അതൊക്കെ മാധ്യമസൃഷ്ടിയാണെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പികെ ശശിയുടെ മറുപടി.
പാലക്കാട് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയായത് ജില്ലയിലുടനീളം ഉണ്ടായ കടുത്ത വിഭാഗീയതയാണ്. സിപിഎമ്മിലെ വിഭാഗീയത ഏറ്റവും ശക്തമായത് മണ്ണാർക്കാട് മണ്ഡലത്തിലായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി.കെ ശ്രീകണ്ഠന് എൽഡിഎഫ് സ്ഥാനാർത്ഥി എം.ബി രാജേഷിനേക്കാൾ 30,000ത്തിലധികം വോട്ട് നേടാനായി. പി.കെ ശശിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പാലം വലിച്ചുവെന്നായിരുന്നു പാര്‍ട്ടി അന്വേഷണത്തിലെ കണ്ടെത്തൽ.
കഴിഞ്ഞ ജില്ല സമ്മേളനത്തെ തുടർന്നുണ്ടായ വിഭാഗീയ പ്രവർത്തനത്തിന്റെ പേരിൽ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട പി.കെ ശശി ഇത്തവണയും മാറി നിൽക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ടായിരുന്നു. പി.ബി അംഗം മത്സരിക്കുമ്പോൾ വോട്ട് ചോർച്ചയുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നൽകിയത്. ഇത്തവണ പാർട്ടി ഒറ്റക്കെട്ടെന്ന് പ്രഖ്യാപിച്ച് മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ പികെ ശശി സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണത്തിൽ സജീവമായി. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള പാലക്കാട് ഇത്തവണ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്