
പാലക്കാട്: യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പികെ ശശി ഒറ്റപ്പാലത്ത് മത്സരിക്കാൻ സാധ്യത. പി കെ ശശിയെ യുഡിഎഫിലെത്തിക്കാൻ മധ്യസ്ഥത വഹിക്കുന്നത് മുതിർന്ന ലീഗ് നേതാക്കളാണെന്നും രണ്ട് ദിവസം മുമ്പ് നേതാക്കൾ ശരിയുമായി ചർച്ച നടത്തിയെന്നുമാണ് റിപ്പോർട്ട്. കെടിഡിസി ചെയർമാൻ സ്ഥാനം ശശി രാജിവെച്ചതിന് പിന്നാലെയാണ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചത്. സിപിഎം സംസ്ഥാന നേതൃത്വത്തിൽ നിന്ന് ശരിക്ക് അനുകൂല നിലപാടുണ്ടായില്ലെന്നും
ഇതേതുടർന്നാണ് കെടിഡിസി ചെയർമാൻ സ്ഥാനം രാജി വെച്ചതെന്നുമാണ് സൂചന. മാർച്ച് 5 പാലക്കോട് ജില്ലയിലെ സിപിഎം വിമതർ നടത്തുന്ന കൺവെൻഷനിലും പികെ ശശി പങ്കെടുക്കും എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ശശിയുമായി അടുപ്പമുള്ളവരാണ് ഇതുസംബന്ധിച്ച് സൂചന നല്‍കുന്നത്. വിമത നേതാക്കൾ പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കമുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ആർഎംപി മാതൃകയിൽ പി.കെ ശശിയുടെ പാർട്ടി യുഡിഎഫിന്‍റെ ഭാഗമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇന്ന് നടക്കുന്ന പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ശശിയുടെ വിഷയം ചർച്ചയാകും.
എന്നാല്‍ ഇത്തരം ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് പികെ ശശി. യുഡിഎഫിലേക്കില്ലെന്നും ആരും ചർച്ച നടത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം ഇന്നലെ പ്രതികരിച്ചത്. താൻ ഇടത് ആശയം മുറുകെപിടിക്കുന്ന ആളാണെന്നും പികെ ശശി വ്യക്തമാക്കി. കെടിഡിസിയിൽ നിന്നും രാജിവെച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമത കൂട്ടായ്മയെക്കുറിച്ചും അറിയില്ല. നാളെ എന്താകുമെന്ന് ആർക്ക് പറയാനാകുമെന്നും ശശി പറഞ്ഞു. വ്യക്തിപരമായി പ്രയാസങ്ങളുണ്ട്. രാജി സ്വമനസാലെയെന്നും ആരുടെയും നിർബന്ധത്താലല്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam