പികെ ശശിയുടെ 'സ്പിരിറ്റ്' പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരായ ഒളിയമ്പ്? ഇതുകൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി

Published : Nov 13, 2025, 11:25 AM IST
PK Sasi

Synopsis

സിപിഎം നേതാക്കളെ ഉന്നംവെച്ച്, 'കമ്യൂണിസ്റ്റ് സ്പിരിറ്റ്' മനസിലാക്കാത്തവരെന്ന് വിമർശിച്ച് പികെ ശശി പങ്കുവെച്ച ഫെയ്സ്ബുക് പോസ്റ്റ് വിവാദത്തിൽ. ഇത്തരം പോസ്റ്റുകൾ കാരണമാണ് ശശി ബ്രാഞ്ചിൽ ഇരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി തിരിച്ചടിച്ചു

സിപിഎം നേതാക്കൾക്കെതിരെ പികെ ശശിയുടെ ഒളിയമ്പ്; ഇതുകൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറിയുടെ മറുപടി

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പാലക്കാട്ടെ പ്രമുഖ നേതാവ് പി.കെ.ശശി. ലണ്ടനിൽ കാൾ മാർക്സിൻറെ ശവകുടീരത്തിന് മുന്നിൽ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് എഴുതിയ ഫെയ്സ്‌ബുക് കുറിപ്പിലാണ് വിമർശനം. സ്പിരിറ്റും കള്ളും കൂട്ടിച്ചേർക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവർക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസിലാവില്ലെന്നാണ് വിമർശനം. സിപിഎം ലോക്കൽ സെക്രട്ടറി സ്‌പിരിറ്റ് കേസിൽ അറസ്റ്റിലായ സംഭവം വിവാദമായതിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് പി.കെ.ശശിയുടെ ഫെയ്‌സ്ബുക് കുറിപ്പ് ചർച്ചയാവുന്നത്. എന്നാൽ ശശിക്ക് രൂക്ഷമായ ഭാഷയിൽ മറുപടി പറയുകയാണ് സിപിഎം ജില്ലാ സെക്രട്ടറി. ഇത്തരം ഫെയ്സ്ബുക് പോസ്റ്റുകൾ പങ്കുവെക്കുന്നത് കൊണ്ടാണ് ശശി ബ്രാഞ്ചിലും, ശശി ഉന്നംവെക്കുന്നവർ നേതൃത്വത്തിലും ഇരിക്കുന്നതെന്നും ഇഎൻ സുരേഷ് ബാബു പ്രതികരിച്ചു.

പികെ ശശിയുടെ ഫെയ്‌സ്ബുക് കുറിപ്പ്

"ബലികുടീരത്തിൽ നീ ഉറങ്ങുമ്പോഴും

ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു"

ലണ്ടനിൽ WTM ൽ പങ്കെടുക്കാൻ പോയത് കടുത്ത മഞ്ഞും തണുപ്പും പ്രയാസപ്പെടുത്തുന്ന സമയത്തായിരുന്നു അവിടെ എത്തുന്നതിനു വളരെ മുന്നേ മനസിൽ വരച്ചിട്ടതായിരുന്നു മഹാനായ മാർക്സിന്റെ ശവകുടീരം സന്ദർശിക്കുക എന്നുള്ളത്. അതിന് തെരഞ്ഞെടുത്തത് നവമ്പർ 7 ആയത് തികച്ചും യാദൃശ്ചികം മാത്രം. മാർക്സിയൻ ആദർശം ഒരു വരട്ടുതത്വമായി കാണാതെ തികച്ചും പ്രായോഗികവൽക്കരിച്ച ഒക്ടോബർ വിപ്ലവത്തിന്റെ നാളിൽത്തന്നെ. കടുത്ത തണുപ്പിൽ ഏറെ നേരം ആ ശവകുടീരം നോക്കി നിന്നു. മാനവ വിമോചനത്തിന് ഒരു പുതിയ ദാർശനികമുഖം നൽകിയ യുഗ പ്രതിഭ. ആ ദർശന വാദത്തെ ലോകത്ത് നിലനിൽക്കുന്ന പ്രശ്നങ്ങളെ ശരിയായ നിലയിൽ വിലയിരുത്തുന്ന ശാസ്ത്രമായി ചരിത്രത്തേയും വർത്തമാന കാലത്തേയും അതിസൂക്ഷ്മമായി വിലയിരുത്തി വർഗസമരമെന്ന സ്വപ്നത്തെ പങ്കു വച്ചതും മുതലാളിത്വത്തെ സോഷ്യലിസവും ആത്യന്തികമായി കമ്യൂണിസവും ആത്യന്തികമായി പകരം വയ്ക്കുമെന്നും ദീർഘദർശനം ചെയ്തതും മാർക്സിന്റെ മഹത്തായ സംഭാവനയായിരുന്നു

തീർത്തും ഒരു ശാസ്ത്രമായിത്തന്നെ രൂപം കൊടുത്ത മാനവ വിമോചന പ്രത്യയ ശാസ്ത്രത്തിന് രൂപം കൊടുക്കാൻ മാർക്സ് ഉപയോഗപ്പെടുത്തിയത് വൈരുദ്ധ്യാത്മക ഭൗതികവാദത്തേയും , ചരിത്രത്തെപ്പറ്റിയുള്ള ഭൗതിക വ്യാഖ്യാനത്തേയും തന്നെയായിരുന്നു.

മണ്ണും മനുഷ്യനും ഈ പ്രപഞ്ചവും നിലനിൽക്കുന്ന കാലത്തോളം മാർക്സും മാർക്സിസവും അജയ്യമായി തുടരും. പക്ഷേ ഇത് ആഴത്തിൽ പഠിക്കുന്നവരുടെ എണ്ണം നാമമാത്രമായി ചുരുങ്ങുന്നു എന്നത് ഉത്കണ്ഠയുളവാക്കുന്നു. കൂടെ നിൽക്കേണ്ടവരേയും കൂട്ടിനിരിക്കേണ്ടവരേയും കണ്ണൂരുട്ടി പേടിപ്പിച്ച് അവരെ മൗനികളും അടിമകളുമാക്കി മാർക്സിസം പ്രയോഗിക്കാനാവില്ല. ഒരു കവി എഴുതിയ പോലെ വിപ്ലവം നതോന്നതയിൽ നടന്നു വരുന്ന നായർ തരുണിയല്ല. കള്ളിന്റേയും കഞ്ചാവിന്റേയും ഗന്ധമുള്ള പുത്തൻ കുപ്പായത്തിന്റെ ചുവപ്പു പോക്കറ്റുമല്ലത്. ക കാലങ്ങൾക്കപ്പുറത്തേക്കുള്ള ചിറകടിയാണത്. ഈ സ്പിരിറ്റിലാണ്, ഈ സ്പിരിറ്റിലാവണം മാർക്സിസത്തെ വായിക്കേണ്ടത്. സ്പിരിറ്റും കള്ളും കൂട്ടിച്ചേർക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവർക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസിലാവില്ല.

മാർക്സും മാർക്സിസവും അജയ്യമാണ് അമരമാണ് നിത്യവസന്തമാണ്.

Workers of the world unite.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ അപ്രതീക്ഷിത വഴിത്തിരിവ്; നിര്‍ണായകമായത് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തൽ
'രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം, സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള തന്ത്രം': വി ഡി സതീശൻ