
ജക്കാർത്ത: ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി പറന്ന യാത്രാവിമാനം കാണാതായി. ശനിയാഴ്ച ഉച്ചയോടെ ജാവ ദ്വീപിൽ നിന്നും സുലവേസി ദ്വീപിലേക്ക് പോയ ഇന്തോനേഷ്യ എയർ ട്രാൻസ്‌പോർട്ട് കമ്പനിയുടെ എടിആർ 42-500 വിമാനമാണ് റഡാറിൽ നിന്നും അപ്രത്യക്ഷമായത്. വിമാനത്തിനായുള്ള വൻതോതിലുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
യോക്യാകർത്തയിൽ നിന്നും സൗത്ത് സുലവേസിയിലെ മകാസറിലേക്ക് പോവുകയായിരുന്നു വിമാനം. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.17 ഓടെ സൗത്ത് സുലവേസിയിലെ മാറൂസ് ജില്ലയിലുള്ള ലിയാംഗ്-ലിയാംഗ് എന്ന പർവ്വതമേഖലയിൽ വെച്ചാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. എട്ട് ജീവനക്കാരും ഫിഷറീസ് മന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സുൽത്താൻ ഹസനുദ്ദീൻ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുൻപായി വിമാനത്തിന്റെ പാത ക്രമീകരിക്കാൻ എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റേഡിയോ ബന്ധം നഷ്ടമായത്.
മൗണ്ട് ബുലുസറൗങ് പർവ്വതനിരകളിൽ ഹൈക്കിംഗിന് പോയ സഞ്ചാരികൾ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ ലോഗോ പതിച്ച ഭാഗങ്ങളും ചെറിയ തീപിടുത്തവും കണ്ടതായാണ് ഇവർ അധികൃതരെ അറിയിച്ചത്. സേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഈ പ്രദേശം കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണ്. ബുലുസറൗങ് നാഷണൽ പാർക്കിലെ ചെങ്കുത്തായ ഭൂപ്രകൃതിയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. എങ്കിലും സൈന്യത്തിന്റെയും വ്യോമസേനയുടെയും നേതൃത്വത്തിൽ താഴെത്തട്ടിലും ആകാശമാർഗ്ഗവും തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam