
കൊച്ചി: ഇലന്തൂർ നരബലി കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഒന്നാം പ്രതി മുഹമ്മദ് ഷാഫി. നരബലി നടത്തിയ ശേഷം മനുഷ്യ മാംസം വിൽക്കാമെന്ന് കൂട്ടു പ്രതികളായ ഭഗവൽ സിംഗിനോടും ലൈലയോടും പറഞ്ഞിരുന്നതായി ഷാഫി പൊലീസിനോട് വെളിപ്പെടുത്തി. ഇത്തരത്തിൽ മനുഷ്യ മാംസം വിറ്റാൽ, 20 ലക്ഷം രൂപ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഇതിനായാണ് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും ഷാഫി മൊഴി നൽകി. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്ന് ഭഗവൽ സിംഗിനേയും ലൈലയേയും വിശ്വസിപ്പിച്ചു. ഈ പണം കൊണ്ട് സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമെന്ന് ഇരുവരോടും പറഞ്ഞു. ഇരുവരെയും വിശ്വസിപ്പിക്കാനാണ് ഇക്കാര്യം പറഞ്ഞതെന്നും ഷാഫി മൊഴി നൽകി. കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മനുഷ്യമാംസം വാങ്ങാൻ ബെംഗളൂരുവിൽ നിന്ന് ആളു വരുമെന്നായിരുന്നു പറഞ്ഞിരുന്നത്. മാംസം വാങ്ങാൻ ആളുവരില്ലെന്ന് പറഞ്ഞാണ് പിന്നീട് കുഴിച്ചിട്ടത്.
റോസ്ലിനെ ബലി നൽകിയിട്ടും സാമ്പത്തിഭിവൃദ്ധി ഉണ്ടായില്ലെന്ന് ഭഗവൽ സിംഗും ലൈലയും പറഞ്ഞപ്പോൾ, കൊന്ന രീതി ശരിയായില്ലെന്നും മരണം മോശം സമയത്തായിരുന്നെന്നും ഷാഫി ഇവരെ ധരിപ്പിച്ചു. തുടർന്നാണ് വീണ്ടും ബലി നൽകണമെന്ന് പറഞ്ഞതും രണ്ടാമത്തെ ഇരയായി പത്മയെ കണ്ടെത്തിയതും. എറണാകുളത്തുകാരിയായ യുവതിയാണ് ഇടനിലക്കാരി ശ്രീദേവിയായി സംസാരിച്ചതെന്നും ഷാഫി വെളിപ്പെടുത്തി.
കൊലപാതകത്തിന്‍റെ പേരിൽ ഭഗവൽ സിംഗിനേയും ലൈലയേയും ബ്ലാക്ക്മെയിൽ ചെയ്യാനായിരുന്നു തന്‍റെ പദ്ധതിയെന്നും ഷാഫി മൊഴി നൽകി. ഇവരിൽ നിന്ന് പലപ്പോഴായി 6 ലക്ഷം രൂപ വാങ്ങിയിരുന്നു, ഈ പണം ഇവർ പല തവണ തിരിച്ചു ചോദിച്ചു. കുടുംബത്തിന് അഭിവൃദ്ധിയുണ്ടാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഈ പണം വാങ്ങിയത്, കൊലപാതകത്തിൽ ഇരുവരേയും പങ്കാളികളായാക്കിയാൽ ബ്ലാക്ക്മെയിൽ ചെയ്ത് കൂടുതൽ പണം വാങ്ങിയെടുക്കാമെന്നും താൻ കരുതിയതായും ഷാഫി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam