പ്ലാസ്റ്റിക് നിരോധനത്തിന് പുല്ലുവില, ഓണ്‍ലൈന്‍ ഭക്ഷണ വിതരണം ഇപ്പോഴും പ്ലാസ്റ്റിക് കവറുകളില്‍

By Web TeamFirst Published Mar 7, 2020, 11:49 AM IST
Highlights

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണം വ്യാപകമാവുകയാണ്. പക്ഷേ വിതരണക്കാര്‍ പ്ലാസ്റ്റിക് നിരോധന ഉത്തരവ് കണ്ട മട്ടില്ല

തൃശൂര്‍: പ്ലാസ്റ്റിക് നിരോധനത്തിന് പുല്ലുവില കല്‍പ്പിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍. നിരോധനത്തിന് ഉത്തരവിട്ട് രണ്ട് മാസമായിട്ടും സംസ്ഥാനത്തെ ഹോട്ടലുകള്‍ പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമായില്ല. 

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണം വ്യാപകമാവുകയാണ്. പക്ഷേ വിതരണക്കാര്‍ പ്ലാസ്റ്റിക് നിരോധന ഉത്തരവ് കണ്ട മട്ടില്ല. ഭക്ഷണം ചെറുതായാലും വലുതായാലും ഓൺലൈനിൽ ആവശ്യപ്പെട്ടാൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് അയക്കുക. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കേണ്ടവര്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരുടെ ഈ നിയമലംഘനത്തിനെതിരെ ഒരു നടപടിയും എടുക്കുന്നുമില്ല.  പരിശോധന ക‍ർശനമാണെന്ന് അധികൃതർ വാദിക്കുമ്പോഴും ഓണ്‍ലൈൻ വിതരണക്കാര്‍ മാത്രമല്ല, സംസ്ഥാനത്തെ ചില ഹോട്ടലുകളും പ്ലാസ്റ്റിക്കിന് പടിക്ക് പുറത്താക്കിയിട്ടില്ല.

ഇടത്തരം ഹോട്ടലുകളാണ് ഇപ്പോഴും പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കാൻ വിമുഖത കാണിക്കുന്നത്. പ്ലാസ്റ്റിക് പേപ്പറുകളുടെയും കവറുകളുടെയും ഉപയോഗത്തില്‍ യാതൊരു കുറവുമില്ല. പ്രമുഖ ഹോട്ടലുകള്‍ പലതും  പ്ലാസ്റ്റിക്ക്ഒഴിവാക്കി കഴിഞ്ഞെന്നാണ് ഉടമകളുടെ അവകാശവാദം. പക്ഷേ അതിന്‍റെ പേരിൽ പാര്‍സലിന് വില കൂട്ടി. പാർസലിന് ഉപയോഗിക്കുന്ന കണ്ടെയ്നറുകൾക്ക് 5 മുതൽ 10 രൂപ വരെയാണ് വില. പ്ലാസ്റ്റിക്കിന് പകരമുള്ള സാമഗ്രികള്‍ ഉപയോഗിച്ചാൽ വില കൂടുമെന്ന് പറഞ്ഞ് ചെറുകിട ഇടത്തരം  ഹോട്ടലുകള്‍ അടക്കം മുഖം തിരിക്കുമ്പോള്‍  സര്‍ക്കാരിന്‍റെ നിരോധന ഉത്തരവ് കടലാസിൽ ഒതുങ്ങുന്നു. 

click me!