
മലപ്പുറം: മലപ്പുറം വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിലെ മുക്കുപണ്ടം പണയ തട്ടിപ്പില്‍ ഒരാള്‍ പൊലീസ് പിടിയിലായി. കരാള്‍ ജീവനക്കാരാനായ അപ്രൈസര്‍ രാജനാണ് പിടിയിലായത്. ഒളിവിലുള്ള മറ്റ് പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും.
പാലക്കാട് സ്വദേശികളായ അബ്ദുൽ നിഷാദ്, മുഹമ്മദ് അഷ്‌റഫ്, റഷീദലി, മുഹമ്മദ് ശരീഫ് എന്നിവരാണ് മറ്റു പ്രതികള്‍. ഇതില്‍ മുഹമ്മദ് ഷെരീഫ് പട്ടാമ്പിയിലെ പ്രാദേശിക മുസ്ലീം ലീഗ് പ്രവര്‍ത്തകനാണ്. സ്വർണമെന്ന വ്യാജേന 221.63 പവൻ മുക്കുപണ്ടം പല തവണകളായി നാല് പേര്‍ കെഎസ്എഫ്ഇയില്‍ പണയം വെച്ചന്നായിരുന്നു ബ്രാഞ്ച് മാനേജര്‍ ലിനിമോള്‍ പൊലീസില്‍ പരാതിപ്പെട്ടത്. കഴിഞ്ഞ വർഷം ഒക്ടോബർ 28 നും ഈ വർഷം ജനുവരി 18 നും ഇടയിൽ 10 തവണയാണ് പണയം വച്ചിട്ടുള്ളത്. 1,00,48,996 ആണ് തട്ടിയെടുത്തത്. പരാതിയില്‍ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സ്ഥാപനത്തിലെ ഗോൾഡ് അപ്രൈസറുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായി. ഇതോടെയാണ് ഇയാളടക്കം 5 പേർക്കെതിരെ പൊലീസ് കേസെടുത്തത്.
ഓഫീസിലെത്തി നടത്തിയ പരിശോധനയിലും ജീവക്കാരുടെ മൊഴിയെടുത്തതിലും തട്ടിപ്പ് ഒരു കോടിയിലൊതുങ്ങുന്നതല്ലെന്നും ഏഴ് കോടിയോളം രൂപയിലെത്തുമെന്നുമാണ് പൊലീസ് കണ്ടെത്തല്‍. മാസങ്ങളായി സംഘം മുക്കുപണ്ടം പണയം വച്ചിരുന്നതായും ചിലത് പിന്നീട് പണം അടച്ച് തിരിച്ചെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ഇത്രയും വലിയ തട്ടിപ്പ് ഓഫീസിലെ പ്രധാനപെട്ട ജീവനക്കാരുടെ കൂടി സഹായമില്ലാതെ നടക്കില്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലും തട്ടിപ്പിന് കൂടുതല്‍ വ്യാപ്തിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam