
കണ്ണൂർ: മലബാറിൽ പ്ലസ് വൺ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ. പ്ലസ് വണ്‍ സീറ്റ് വർധിപ്പിച്ചിട്ടും മലബാറിലെ ആറ് ജില്ലകളിൽ മുപ്പതിനായിരത്തിലധികം വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിച്ചില്ല. തെക്കൻ ജില്ലകളിൽ ആറായിരത്തിലേറെ സീറ്റുകൾ അധികമുള്ളപ്പോഴാണ് മലബാറിലെ പ്രതിസന്ധി.
മലബാറിലെ ആറ് ജില്ലകളിലായി പ്ലസ് വണ്ണിന് അപേക്ഷിച്ചത് 2,49,843 വിദ്യാർഥികളാണ്. അപേക്ഷകരേക്കാൾ 83,339 സീറ്റുകൾ കുറവായതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ 30 ശതമാനം സീറ്റ് വർധനവ് പ്രഖ്യാപിച്ചിരുന്നു. നിലവിൽ 2,15,672 സീറ്റുകളുണ്ടെങ്കിലും 34, 171 വിദ്യാർഥികൾക്ക് ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ല. അതേസമയം, 30 ശതമാനം സീറ്റ് വർധിപ്പിച്ച ഉത്തരവ് ഈഅധ്യായന വർഷത്തേക്ക് മാത്രം ബാധകമായതാണ്.
പത്തനംതിട്ട, കോട്ടയം എറണാകുളം, ആലപ്പുഴ ജില്ലകളിൽ 6940 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സീറ്റ് വർധനവ് ഉണ്ടാകുന്നതോടെ ആളില്ലാത്ത സീറ്റുകളുടെ എണ്ണവും കൂടും. സംസ്ഥാനത്താകെ 30 ശതമാനം വർധന എന്ന രീതി മാറ്റി പത്താം ക്ലാസ് പാസ്സാകുന്നവരുടെ എണ്ണത്തിനനുസരിച്ചുള്ള വർധനവുണ്ടായാലേ പ്രതിസന്ധി പരിഹരിക്കാനാകു.
സീറ്റ് വർധനവിന് സ്ഥിര പരിഹാരം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ. അതേസമയം പത്താം ക്ലാസ് പാസ്സായ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠന സൗകര്യമൊരുക്കുമെന്നും നടപടികൾ തുടങ്ങിയെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam