
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി മുസ്ലിം ലീഗ് നേതാക്കൾ. സീറ്റ് പ്രതിസന്ധി ഗൗരവമുള്ള വിഷയമാണെന്നും വിഷയത്തിൽ വിശദമായി ചർച്ച നടത്തിയെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് ബോധ്യപ്പെടുത്തി. പൊളിടെക്നിക്ക് ഐടിഐ സീറ്റുകൾ ഉണ്ടെന്ന് പറയുന്നത് ശരിയല്ല. കുട്ടികൾ കഷ്ടപ്പാടിലാണ്. വിശദമായി കണക്ക് സഹിതം കുറവുള്ള സീറ്റുകളുടെ വിവരം തയ്യാറാക്കി സർക്കാരിന് നൽകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. എന്നാൽ ആദ്യ അലോട്ട്മെന്‍റ് തുടങ്ങുന്നതിന് മുൻപ് നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിര്‍ത്തിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നാം അലോട്ട്മെന്‍റ് കഴിയുമ്പോൾ രാഷ്ട്രീയക്കളി അവസാനിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ ദിനം സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
സ്കൂൾ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്നും മന്ത്രി അറിയിച്ചു. പാഠപുസ്തകങ്ങൾ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വിതരണം പൂർത്തിയാക്കും. ലഹരിക്കെതിരെ ശക്തമായ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പ്രസംഗത്തിൽ പറഞ്ഞു. പിന്നീട് മാധ്യമപ്രവര്‍ത്തകരോട് വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി വിവാദ വിഷയങ്ങളിൽ പ്രതികരിച്ചത്. മലപ്പുറത്ത് പ്ലസ് വൺ പ്രതിസന്ധിയുണ്ടെന്ന് മന്ത്രി സമ്മതിച്ചു. എല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam