മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയുടെ ആഴം പരിശോധിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോര്‍ട്ടര്‍ പരമ്പര "ഒന്ന് വടക്കോട്ട് നോക്കണം സാര്‍" ഇന്ന് തുടങ്ങുകയാണ്.
മലപ്പുറം: ഒരു പതിറ്റാണ്ടിലധികമായി മലബാറിലെ ജില്ലകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി. ഈ വര്‍ഷവും സ്ഥിതി വ്യത്യസ്തമല്ല. മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയുടെ ആഴം പരിശോധിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോര്‍ട്ടര്‍ പരമ്പര "ഒന്ന് വടക്കോട്ട് നോക്കണം സാര്‍" ഇന്ന് തുടങ്ങുകയാണ്.
മലബാറിലെ കടുത്ത സീറ്റ് ക്ഷാമ കണക്കുകൾ കാരണം കുട്ടികൾ ആശങ്കയിലാണ്. മലപ്പുറത്ത് മാത്രം ഉപരിപഠനത്തിന് അര്‍ഹത നേടിയത് 79730 കുട്ടികളാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ മുഴുവന്‍ ക്ലാസുകളിലും 65 കുട്ടികള്‍ തിങ്ങിയിരുന്നാലും അവസരം ലഭിക്കുക 60060 പേര്‍ക്ക്. അതായത് 19670 പേരുടെ ഉപരി പഠനം പ്രതിസന്ധിയിലാണ്. പതിവുപോലെ കണ്ണില്‍ പൊടിയിടാന്‍ താല്‍ക്കാലിക ബാച്ചുകളും മാര്‍ജിനല്‍ സീറ്റ് വര്‍ധനയും ഈ വര്‍ഷവും സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതു കൊണ്ടൊന്നും പരിഹരിക്കാവുന്നതല്ല കാലങ്ങളായി തുടരുന്ന പ്രതിസന്ധി. ഞങ്ങളെവിടെപ്പഠിക്കും സാറെയെന്ന് ചോദിക്കുകയാണ് കുട്ടികള്‍.
ഉദാഹരണത്തിന് അരീക്കോട് സുല്ലമുസ്സലാലം സ്കൂളിന്‍റെ കാര്യം പരിശോധിച്ചാൽ 535 കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷ എഴുതി എല്ലാവരും ജയിച്ചു. ഫുള്‍ എ പ്ലസ് നേടിയത് 144 കുട്ടികളാണ്. എന്നാൽ സ്കൂളിൽ ആകെയുള്ള ഹയർ സെക്കന്‍ററി ബാച്ചുകള്‍ 2 എണ്ണം മാത്രമാണ്. പരമാവധിയുള്ള സീറ്റുകള്‍ 130. അതായത് എ പ്ലസ് നേടിയ എല്ലാ കുട്ടികള്‍ക്കും പഠിക്കാനുള്ളത്ര സീറ്റുപോലും ഇവിടെയില്ല. ദൂരെ എവിടെയെങ്കിലും പോയി പഠിക്കേണ്ട അവസ്ഥയാണ്.