
കോഴിക്കോട്: പ്ലസ് ടു കോഴക്കോസിൽ ചോദ്യം ചെയ്യലിനായി കെ.എം. ഷാജി എംഎൽഎ കോഴിക്കോട് ഇഡി ഓഫീസിൽ ഹാജറായി. അഴീക്കോട് സ്കൂളില്‍ പ്ളസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കെഎം ഷാജിയോട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്. കോഴിക്കോട് ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ.
കെഎം ഷാജിയുടെ ഭാര്യ ആശയുടെയും ലീഗ് നേതാവും മുന്‍ പിഎസ് സി അംഗവുമായ ടിടി ഇസ്മായിലിന്‍റെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഷാജിയും ടിടി ഇസ്മായിലും മറ്റൊരു ലീഗ് നേതാവും ചേര്‍ന്നായിരുന്നു മാലൂര്‍കുന്നില്‍ ഭൂമി വാങ്ങിയത്. പിന്നീടിത് ഷാജി സ്വന്തമാക്കുകയും ഭാര്യ ആശയുടെ പേരിലേക്ക് മാറ്റുകയുമായിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് താന്‍ നേരത്തെ നല്‍കിയ മൊഴിയിൽ വ്യക്തത തേടാനാണ് തന്നെ വിളിപ്പിച്ചതെന്ന് ടിടി ഇസ്മയില്‍ പറഞ്ഞു.
അതിനിടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അഴീക്കോട് എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ഉത്തരവുണ്ട്. കോഴിക്കോട് വിജിലൻസ് ജഡ്ജി കെ.വി.ജയകുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലൻസ് എസ്പി യോട് പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശിച്ചിട്ടുള്ളത്. അഭിഭാഷകനായ എം.ആർ ഹരീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam