പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷനിങ് നാളെ, നഗരത്തിൽ ഗതാഗത നിയന്ത്രണം

Published : May 01, 2025, 03:57 AM ISTUpdated : May 01, 2025, 05:31 AM IST
 പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷനിങ് നാളെ, നഗരത്തിൽ ഗതാഗത നിയന്ത്രണം

Synopsis

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം ന ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഉണ്ടാവും

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. മെയ് രണ്ടിനാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മിഷൻ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഉണ്ടാവും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക. 

ഇന്ന് വൈകീട്ടോടെ പ്രധാനമന്ത്രിയുടെ എയർ ഇന്ത്യ വൺ വിമാനം വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയയിൽ ലാൻഡ് ചെയ്യും. ഇന്ന് രാത്രി പ്രധാനമന്ത്രി രാജ്ഭവനിൽ തങ്ങും. നാളെ രാവിലെ സൈനിക ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി തുറമുഖത്തെത്തും. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി തുറമുഖം കാണും. കമ്മീഷനിങ്ങിനോട് അനുബന്ധിച്ച് എംഎസ് സിയുടെ കൂറ്റൻ കപ്പൽ സെലസ്റ്റീനോ മരെസ്ക എന്ന കപ്പൽ വിഴിഞ്ഞത് എത്തും.

നാളെ രാവിലെ 11 മണിക്കാണ് കമ്മീഷനിംഗ് ചടങ്ങ്.  തുറമുഖ കവാടത്തിൽ തയ്യാറാക്കിയ പ്രത്യേക വേദിയിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കും.  ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയ വിശിഷ്ടാതിത്ഥികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 10,000 പേർ ചടങ്ങ് കാണാനെത്തുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകും. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുക്ക് കനത്ത സുരക്ഷാവലയത്തിലാണ് വിഴിഞ്ഞം.  കരയിലും കടലിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.  സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ ഇന്നലെ പൂർത്തിയാക്കിയിരുന്നു. 

ആഗോള സമുദ്ര വാണിജ്യഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയാണ് 2025 മെയ് രണ്ടിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്യുന്നത്.  കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സമ്പദ് വ്യവസ്ഥയിലെ ഉജ്വലമായ പുതിയ നാൾവഴികളിലേക്കുള്ള സുപ്രധാന തുടക്കമായിരിക്കും ഇത്. 2015-ലാണ് കേരള സർക്കാർ അദാനി ഗ്രൂപ്പുമായി പൊതുമേഖല-സ്വകാര്യ പങ്കാളിത്ത മോഡലിൽ (PPP) വിഴിഞ്ഞം തുറമുഖം വികസിപ്പിക്കാൻ കരാർ ഒപ്പുവച്ചത്. 2023 ഒക്ടോബറിൽ ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി 'ഷെൻ ഹുവ 15 എ' ചരക്കു കപ്പൽ തീരത്ത് നങ്കൂരമിട്ടതോടെ വിഴിഞ്ഞം തുറമുഖപദ്ധതി കൂടി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയായിരുന്നു.

' IN TRV 01' എന്ന അന്താരാഷ്ട്ര ലൊക്കേഷൻ കോഡ് ലഭിച്ച വിഴിഞ്ഞം, ലോകത്തിലെ പ്രധാന കപ്പൽവഴികളിലേക്ക് നേരിട്ട് കയറിയെത്തുന്ന ഇന്ത്യയുടെ സവിശേഷമായ തുറമുഖം, ആഗോള ലോജിസ്റ്റിക് നേട്ടങ്ങളുടെ പുതിയ വാതിലുകൾ കേരളത്തിന് തുറന്നുകൊടുത്തു. 2024 ജൂലൈ 13-ന് ട്രയൽ റൺ ആരംഭിച്ച വിഴിഞ്ഞം തുറമുഖം, 2024 ഡിസംബർ മൂന്നിനാണ് വാണിജ്യാടിസ്ഥാനത്തിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം  246-ലധികം കണ്ടെയിനർ കപ്പലുകൾ തുറമുഖം കൈകാര്യം ചെയ്തു, കൂടാതെ 5 ലക്ഷം TEUs-ഓളം ചരക്ക് കൈമാറി. ആകെ വരുമാനമായി 243 കോടി രൂപയാണ് ലഭിച്ചത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി
നാട്ടകത്തെ വാഹനാപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു