
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമല്ലാതെ കേരളത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയാണ് യുവം. കേരളത്തിലെ യുവാക്കളുമായി നേരിട്ട് സംവദിക്കുക എന്നതാണ് ലക്ഷ്യം. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിങ് കേരള (Vibrant Youth for Modifying Kerala) എന്ന സന്നദ്ധ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതുവരെ ഒരു ലക്ഷത്തിലേറെ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള വിദഗ്ധരടക്കം പരിപാടിയിൽ പങ്കെടുക്കും.
രാഷ്ട്രീയം, കല, സാമൂഹികം, സാമ്പത്തികം, സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരടക്കം പരിപാടിക്കെത്തുമെന്നാണ് സംഘാടകർ പറയുന്നത്. കൊച്ചി തേവര സെക്രട് ഹർട്ട് കോളേജാണ് വേദി. ഉച്ചക്ക് മൂന്നിന് പരിപാടിക്ക് തുടക്കമാകും. പരിപാടിക്കുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ പരിപാടിക്കെത്തിയേക്കും. കൊച്ചിയിൽ 1.8 കിലോമീറ്റർ നീളുന്ന റോഡ് ഷോക്ക് ശേഷമാകും യുവം പരിപാടിയിൽ മോദി പങ്കെടുക്കുക.
കേരളത്തിലെ യുവാക്കളുടെ ഇടയിലേക്ക് ബിജെപിക്ക് ഇറങ്ങിച്ചെല്ലാൻ പരിപാടി സഹായകരമാകുമെന്നാണ് പാർട്ടി നേതാക്കളുടെ കണക്കുകൂട്ടൽ. കേരളത്തിൽ ആദ്യമായാണ് മോദി ഇത്തരത്തിലൊരു പരിപാടിയിൽ പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയം. അടുത്ത ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ യുവാക്കളെ ബിജെപിയോടടുപ്പിക്കുക എന്നതാണ് പരിപാടി ലക്ഷ്യം വെച്ചിട്ടുള്ള രാഷ്ട്രീയ നേട്ടം.
യുവം പരിപാടിയെ ഇതര രാഷ്ട്രീയ പാർട്ടികളും കരുതലോടെ ഉറ്റുനോക്കുന്നു. യുവം പരിപാടിക്ക് ബദലായി പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങളുമായി ഡിവൈഎഫ്ഐയും പരിപാടി സംഘടിപ്പിക്കുന്നു. യുവം ആർഎസ്എസ് സ്പോൺസേഡ് പരിപാടിയാണെന്നാണ് ഇടതുപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ. മോദിക്ക് ഇഷ്ടമുള്ള ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂവെന്നും ഇടതുപക്ഷം ആരോപിക്കുന്നു.
ക്രിസ്ത്യൻ വിഭാഗങ്ങളെ അടുപ്പിക്കുക, യുവാക്കളെ വിശ്വാസത്തിലെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ബിജെപി നേതൃത്വം മോദിയുടെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.