
തൃശ്ശൂര്‍:തൃപ്രയാര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയിലെ പ്രധാന ശ്രീരാമസ്വാമി ക്ഷേത്രമായ ത്യപ്രയാർ ക്ഷേത്രത്തിലെത്തിയ പ്രധാന മന്ത്രി മീനൂട്ടക്കമുള്ള വഴിപാടുകൾ നടത്തിയാണ് മടങ്ങിയത്. പ്രധാനമന്ത്രിയെ കാണാൻ രാവിലെ മുതൽ തന്നെ നൂറു കണക്കിന് ആളുകൾ ക്ഷേത്ര പരിസരത്തെത്തിയിരുന്നു. രാവിലെ പത്തേകാലോടെ തൃപ്രയാർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ കൊച്ചിൻ ദേവസ്വം പ്രസിഡന്‍റും ക്ഷേത്രം തന്ത്രിയും അടക്കമുള്ളവർ ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രി ഒന്നേകാൽ മണികൂറോളം ക്ഷേത്രത്തിൽ ചിലവഴിച്ചു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് വഴിപാട് പ്രാധനമന്ത്രി നടത്തി. അരിയും മലരും കൊണ്ടായിരുന്നു മീനൂട്ട്. 21 കുട്ടികളുടെ വേദാർച്ചനയും രാമായണ പാരായണവും അദ്ദേഹം ശ്രവിച്ചു. അയോധ്യയിൽ പ്രാണ പ്രതിഷ്ഠ നടത്തുന്നതിന്‍റെ മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയത്. പതിനൊന്നരയോടെ പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങി. മടക്കയാത്രയിൽ കാറിന്‍റെ ഡോർ തുറന്നു ഫുട്ട് സ്റ്റെപ്പിൽ എഴുന്നേറ്റ് നിന്ന് പുറത്തു തടിച്ചുകൂടിയവരെ അഭിവാദ്യം പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.
ഗുരൂവായൂര്‍ സന്ദര്‍ശനത്തിനുശേഷം മോദി തൃപ്രയാറിലെത്തിയത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ന് രാവിലെയാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡില്‍ പ്രധാനമന്ത്രിയുമായുള്ള ഹെലികോപ്ടര്‍ ഇറങ്ങിയത്. തുടര്‍ന്ന് പ്രധാനമന്ത്രി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് ഗുരുവായൂരിലേക്ക് തിരിച്ചത്. 7.47 ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയശേഷം മുണ്ടും വേഷ്ടിയും ഷാളുമണിഞ്ഞ് രാവിലെ എട്ടോടെ ഇലക്ട്രിക് വാഹനത്തിൽ ക്ഷേത്ര പരിസരത്തെത്തി.ക്ഷേത്രത്തിനകത്ത് 20 മിനിറ്റിലേറെ ദർശനം നടത്തി. തുടര്‍ന്ന് നറുനെയ്യ് നിവേദിച്ച് പ്രാർത്ഥന നടത്തി. വസ്ത്രം മാറിയ ശേഷം 8.45 ഒടെ കിഴക്കേ നടയിലെ വിവാഹ മണ്ഡപത്തിലേക്ക് എത്തി. പുലർച്ചെ വിവാഹിതരായ വധു വരൻമാർക്ക് പ്രധാനമന്ത്രി അക്ഷതം കൈമാറി. പ്രധാനമന്ത്രിയെ കാത്ത് വേദിക്കരികിൽ മോഹൻലാലും മമ്മുട്ടിയും ഉൾപ്പെടെയുണ്ടായിരുന്നു.
താരങ്ങൾക്കരികിലെത്തി കുശലാന്വേഷണം നടത്തിയശേഷം വധൂവരൻമാരായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാസുരേഷിനും ശ്രേയസ് മോഹനും നരേന്ദ്ര മോദി വരണമാല്യം എടുത്തു നൽകി. വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി ശ്രീവൽസത്തിലേക്ക് മടങ്ങി. തുടര്‍ന്ന് രാവിലെ 9.30 ഓടെയാണ് തൃപ്രയാറിലേക്ക് തിരിച്ചത്. കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷിപ്പ്‌യാര്‍ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നരയോടെ മറൈൻ ഡ്രൈവിൽ ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകിട്ടോടെ ദില്ലിക്ക് മടങ്ങും എന്ന നിലയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; വധൂവരന്മാർക്ക് ആശംസയറിയിച്ച് മടക്കം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam