തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി, ബംഗാളിലും അസമിലും മോദിയുടെ ചൂടുപിടിച്ച പ്രചാരണം

By Web TeamFirst Published Jan 23, 2021, 1:17 PM IST
Highlights

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മ വാര്‍ഷികം പരാക്രം ദിവസമായമായി ആചരിക്കുന്ന ഇന്ന് പ്രധാനമന്ത്രി എത്തും മുന്‍പേ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ അനുസ്മരണ പരിപാടികള്‍ തുടങ്ങി

ദില്ലി: വിവിധ സംസ്ഥാനങ്ങൾ അടുത്ത മാസങ്ങളിൽ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്ന വേളയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. പശ്ചിമബംഗാളിൽ ഭരണം പിടിക്കുക, അസമില്‍ ഭരണം തുടരുക എന്നിവ മുന്നിൽ കണ്ട് ബിജെപി പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും കളം നിറഞ്ഞ് പ്രചാരണത്തിനിങ്ങുകയാണ്. 

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മ വാര്‍ഷികം പരാക്രം ദിവസമായമായി ആചരിക്കുന്ന ഇന്ന് പ്രധാനമന്ത്രി എത്തും മുന്‍പേ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ അനുസ്മരണ പരിപാടികള്‍ തുടങ്ങി. നേതാജിയുടെ ജന്മവാര്‍ഷിക ദിനത്തിൽ തന്നെ തെരഞ്ഞെടുത്ത് ബംഗാള്‍ പര്യടനത്തിന് മോദി ഇറങ്ങിയത് കൃത്യമായ ലക്ഷ്യത്തോടെയാണ്. എന്നാല്‍ മോദിയുടെ വരവിന്‍റെ അപകടം മണത്ത മമത  ഒരു മുഴം മുന്‍പേ എറിഞ്ഞു കഴിഞ്ഞു. നേതാജി സ്മരണയില്‍ കൊല്‍ക്കത്തയില്‍ റോഡ് ഷോ നടത്തി. കേന്ദ്രം പരാക്രം ദിവസം ആഘോഷിക്കുമ്പോള്‍ സംസ്ഥാനം ദേശ് നായക് ദിവസം ആചരിച്ച് മറുപടി നല്‍കുകയാണ്. സുഭാഷ് ചന്ദ്രബോസിന്റെ മഹാത്മ്യം ഇപ്പോഴാണോ മോദിക്ക് മനസിലായതെന്ന് മമത ചോദിച്ചു. അതേ സമയം മുന്‍മന്ത്രി സുവേന്ദു അധികാരിയടക്കം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന്  ബിജെപിയിലെത്തിയത് അനുകൂലാന്തരീക്ഷമായാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. തൃണമൂലില്‍ തുടരുന്ന പൊട്ടിത്തെറിക്ക് പരിഹാരം കാണാന്‍ മമതക്കാകുന്നുമില്ല.

അസമില്‍ ജനം ഭരണതുടര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് മോദി അവകാശപ്പെട്ടു. അസമില്‍ ഒന്ന് ദശാംശം ആറ് ലക്ഷം ഭൂരഹിതര്‍ക്ക് പട്ടം വിതരണം ചെയ്ത പ്രധാനമന്ത്രി ബിജെപി സര്‍ക്കാര്‍ മികച്ച പ്രകടനമാണ് അസമില്‍ കാഴ്ച വയ്ക്കുന്നതെന്നും അവകാശപ്പെട്ടു. ബിഹാര്‍ മോഡല്‍ പ്രസംഗം അസമിലും നടത്തി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന വികസനത്തില്‍ സദാ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

click me!