
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധ മാര്‍ച്ച്. എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ സമരക്കാര്‍ ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ചു. പ്രതിഷേധ മാര്‍ച്ചില്‍ സംഘർഷമുണ്ടായതിനെ തുടർന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇത് കേരളത്തിന്‍റെ മാത്രം പ്രശ്നമല്ലെന്നും പുത്തൻ ദേശീയ വിദ്യാഭ്യാസ നയം പിഎം ശ്രീയുടെ പേരില്‍ നടപ്പാക്കാനാണ് ശ്രമമെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് നേതാക്കൾ പ്രതികരിച്ചു.
വിദ്യാഭ്യാസമന്ത്രിയെ നേരിടുന്ന തരത്തിലേക്ക് സമരം മാറുമെന്നും മര്യാദക്കു സമരം ചെയ്യാൻ വന്നവർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏതോ ആര്‍എസ്എസ് പൊലീസുകാരനാണ് ചെയ്തത്. രക്തരൂക്ഷിത സമരങ്ങളിലേക്ക് പോകേണ്ടിവരും. എല്‍ഡിഎഫ് ഗൗരവമായി ചർച്ച ചെയ്ത് മാറ്റി വച്ച കാര്യം ഇരുളിന്‍റെ മറവിൽ നടപ്പാക്കി. പദ്ധതിയിൽ നിന്നും പിൻമാറുന്നതുവരെ സമരം നടത്തും എന്നും സമരക്കാര്‍ വ്യക്തമാക്കി.
പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകരും പ്രതിഷേധിച്ചു. കോഴിക്കോട് ഡി ഡി ഇ ഓഫീസിലേക്കാണ് പ്രവർത്തകർ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി . തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസ മന്ത്രിയുടേയും കോലം കത്തിച്ചു.
പിഎം ശ്രീയിൽ കടുത്ത എതിര്‍പ്പ് തുടര്‍ന്ന് സിപിഐ
ദില്ലി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. തങ്ങളുടെ നിലപാട് പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്ന് തന്നെയാണ്. അതിൽ നിന്ന് പിന്നോട്ടില്ല. വിശദമായി വിഷയം ചര്‍ച്ച ചെയ്തു. സിപിഎം ഇതിൽ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി രാജ പറഞ്ഞു. അതേസമയം, റദ്ദാക്കണമെന്ന സിപിഐയുടെ ആവശ്യം സംസ്ഥാന ഘടകങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് പറഞ്ഞ എംഎ ബേബി സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ ന്യായീകരിച്ചാണ് സംസാരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam