
ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ പോകുമെന്ന് റവന്യൂമന്ത്രി കെ രാജൻ. വിവാദത്തിൽ സിപിഐ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ പറയേണ്ടതൊക്കെ പറയും എന്നായിരുന്നു മന്ത്രി ക. രാജന്റെ പ്രതികരണം. നിലപാടുകളുള്ള പാര്‍ട്ടിയാണ് സിപിഐ. പാർട്ടിക്ക് പറയാനുള്ളതെല്ലാം പാർട്ടി സെക്രട്ടറി പറയും. കമ്മ്യൂണിസ്റ്റ് പാർട്ടി എടുക്കുന്ന തീരുമാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഒരു കാര്യങ്ങളിലും വിട്ടുവീഴ്ച ഇല്ലാത്ത വിധം മുന്നോട്ട് പോകുമെന്നും കെ രാജൻ കൂട്ടിച്ചേർത്തു.
പി എം ശ്രീയെ ചൊല്ലിയുള്ള ഭരണമുന്നണിയിലെ തർക്കം തീർക്കാൻ നാളെ നിർണായ യോഗങ്ങൾ. ഇന്ന് തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. പി എം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ ചർച്ച ചെയ്യും. ആലപ്പുഴയിൽ ചേരുന്ന സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോഗത്തിൽ ശരിയായ തീരുമാനം ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. സിപിഎം പിന്നോട്ട് പോയില്ലെങ്കിൽ കടുപ്പിക്കാൻ തന്നെയാണ് സിപിഐയുടെ തീരുമാനം.
പി എം ശ്രീ കരാറിൽ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ബിനോയ് വിശ്വത്തെ അറിയിച്ചു. ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കടുത്ത തീരുമാനങ്ങൾ പാടില്ലെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടും ബിനോയ് വിശ്വം എതിർപ്പ് ആവർത്തിച്ചു. മന്ത്രിമാരെ പിൻവലിക്കുന്നത് അടക്കം സിപിഐയുടെ പരിഗണനയിലാണ്.