
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളുടെ പേര് പരാമർശിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഎമ്മിന്റെ ലെവൽ തെറ്റിയിരിക്കുകയാണെന്നും വർഗീയതയെ പ്രീണിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനാർത്ഥികളുടെ പേര് നോക്കി കാര്യങ്ങൾ നിശ്ചയിക്കാനാണോ സജി ചെറിയാൻ പറയുന്നതെന്നും പേര് നോക്കിയാണോ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു.
മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ മാർക്സിസം എന്തെന്നറിയാത്ത മുസ്ലീങ്ങളെ സ്ഥാനാർത്ഥികളാക്കുന്നത് സിപിഎമ്മാണ്. മലപ്പുറത്ത് എട്ട് സീറ്റുകളിൽ ഇത്തരത്തിലാണ് അവർ മത്സരിപ്പിച്ചത്. കാസർകോട് നഗരസഭയിലെ കണക്കുകൾ പറയുന്ന മന്ത്രിക്ക് ബിജെപി പോലും മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത് അറിയില്ലേ എന്നും അദ്ദേഹം പരിഹസിച്ചു. ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിച്ച സംഘടനകളെ കേരളത്തിൽ വളർത്തിയത് സിപിഎമ്മാണ്. പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും സലാം കുറ്റപ്പെടുത്തി.
ലീഗിനെ പ്രകോപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. എന്നാൽ അതിന് ലീഗ് നിന്ന് കൊടുക്കില്ല. വർഗീയതയെ തടഞ്ഞുനിർത്തുന്നത് മുസ്‌ലിം ലീഗാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ ആരോപണം. മലപ്പുറം ജില്ലാ പഞ്ചായത്തിലോ കാസർകോട് നഗരസഭയിലോ ജയിച്ചവരുടെ പേര് പരിശോധിച്ചാൽ പ്രത്യേക സമുദായത്തിൽപ്പെട്ടവർ മാത്രമാണ് ജയിക്കുന്നതെന്ന് കാണാം. ഇത് കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കുന്നതിന് തുല്യമാണെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു. മന്ത്രിയെ ന്യായീകരിച്ച് സിപിഎം നേതാവ് എം.എ ബേബിയും രംഗത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam