കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ ക്ലാസെടുത്തത് പോക്സോ കേസ് പ്രതി, സംഘടിപ്പിച്ചത് വിഎച്ച്എസ്‌സി

By Web TeamFirst Published Oct 6, 2020, 10:11 PM IST
Highlights

വൊക്കേഷണൽ ഹയർ സെക്കൻററിയുടെ കരിയർ ഗൈഡൻസ് ആൻറ് കൗണ്‍സിലിംഗ് സെല്ലിൻറെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറിൽ ക്ലിനിക്കൽ സൈക്കോളിസ്റ്റെന്ന നിലയിലാണ് ഇയാൾ പങ്കെടുത്തത്

തിരുവനന്തപുരം: കുട്ടികളുടെ മാനസിക സംഘർഷം അകറ്റാനുള്ള പരിശീലനത്തിന് പോക്സോ കേസുകളിൽ പ്രതിയായ ആൾ ക്ലാസെടുത്തു. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ വെബിനാറിലാണ് പോക്സോ കേസ് പ്രതിയെ ഉൾപ്പെടുത്തിയത്. ഇന്നലെയാണ് വെബിനാർ നടന്നത്. നിലവിൽ രണ്ട് പോക്സോ കേസുകളിൽ പ്രതിയും വിചാരണ നേരിടുന്നയാളുമാണ് ക്ലാസെടുത്ത ഡോ ഗിരീഷ്. 

കൗണ്‍സിലിംഗിനെത്തിയ രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുന്നയാളാണ് ഡോ. കെ ഗിരീഷ്. വൊക്കേഷണൽ ഹയർ സെക്കൻററിയുടെ കരിയർ ഗൈഡൻസ് ആൻറ് കൗണ്‍സിലിംഗ് സെല്ലിൻറെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറിൽ ക്ലിനിക്കൽ സൈക്കോളിസ്റ്റെന്ന നിലയിലാണ് ഇയാൾ പങ്കെടുത്തത്. കൊവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘർഷമെന്ന വിഷയത്തിലായിരുന്നു വെബിനാർ. ലയൺസ് ക്ലബുമായി ചേർന്ന് നടത്തിയ വെബിനാറിൽ  സംസ്ഥാനത്തെ 389 സ്കൂളുകളിലെ കരിയർ മാസ്റ്റർമാർക്കായി ഗിരീഷ് ക്ലാസെടുത്തു. 

ചടങ്ങിൽ പങ്കെടുക്കാനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനെ ക്ഷണിച്ചുവെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. ലയൺസ് ക്ലബിൻറെ യുവ ജനവിഭാഗം കോർഡിനേറ്ററെന്ന നിലയിലാണ് ഗിരീഷ് പങ്കെടുത്തത്. പോക്സോ കേസിൽ പ്രതിയായിട്ടും ഫോർട്ട് പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്യാതിരുന്നത് ഏറെ ചർച്ചയായിരുന്നു. മാസങ്ങളോളം ഒളിവിൽ പോയ ഗിരീഷിൻറെ അറസ്റ്റ് വിവാദങ്ങൾക്കിടെയാണ് പൊലീസ് രേഖപ്പെടുത്തിയത്. 

ഇയാൾക്കെതിരായ രണ്ടു കേസുകളിൽ തിരുവനന്തപുരം പോക്സോ കോടതിയിൽ വിചാരണ തുടരുകയാണ്. ഗിരീഷ് റിമാൻഡിൽ കിടന്ന തിരുവനന്തപുരം ജില്ലാ ജയിലിലും തടവുകാർക്ക് ക്ലാസെടുക്കാനായി ലയൺസ് ക്ലബിൻറ പേരിൽ ഗിരീഷ് നേരത്തെ എത്തിയത് വിവാദമായിരുന്നു. ഗിരീഷിൻറെ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് വൊക്കേഷനൽ ഹയർസെക്കണ്ടറി വകുപ്പിൻറെ വിശദീകരണം.

click me!