
പത്തനംതിട്ട: പത്തനംതിട്ട പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇന്നലെ രാത്രി ചാടിപ്പോയ പോക്സോ കേസ് പ്രതിയെ ഇതുവരെ പിടികൂടിയില്ല. ഷുഗർ ഫാക്ടറിയുടെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനിൽ ലോക്കപ്പില്ല. നിലത്തു കോൺക്രീറ്റ് ചെയ്തിട്ടുള്ള കമ്പിയിലാണ് പ്രതികളെ കൈവിലങ്ങ് ഘടിപ്പിച്ച് സൂക്ഷിക്കാറുള്ളത്. അത് തകർത്താണ് പ്രതി സജിത്ത് ചാടിപ്പോയത്.
പോക്സോ കേസ് പ്രതി നിരണം ഇരതോടു സ്വദേശി സജിത്ത് ആണ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. പാറാവ് ഡ്യൂട്ടിക്കാരൻ പിന്നാലെ ഓടിയെങ്കിലും പ്രതി രക്ഷപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത കെട്ടിടത്തിലാണ് വർഷങ്ങളായി പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഷുഗർ ഫാക്ടറിയുടെ പഴയ കെട്ടിടമാണിത്. ലോക്കപ്പ് സംവിധാനം ഇല്ലാത്തതിനാൽ ഉൾവശത്തെ മുറിയിൽ നിലത്ത് കോൺക്രീറ്റ് ചെയ്തു പിടിപ്പിച്ചിട്ടുള്ള കമ്പിയിലാണ് പ്രതികളെ കൈവിലങ്ങു ഘടിപ്പിച്ച് സൂക്ഷിക്കുന്നത്. ഈ കമ്പി തകർത്താണ് സജിത്ത് ചാടിപ്പോയത്. സ്റ്റേഷനിൽ നിന്ന് അല്പം അകലെയുള്ള നദീതീരത്ത് കിടന്ന വള്ളം കാണാനില്ല. ഈ വള്ളത്തിൽ കയറി രക്ഷപ്പെട്ടിരിക്കാമെന്ന അനുമാനത്തിലാണ് പൊലീസ്. പ്രതിയുടെ ഭാര്യവീട് കണ്ണൂരിലാണ്. ആ റൂട്ടിലും അന്വേഷണം നടക്കുന്നുണ്ട്. തെരച്ചിലിനായി പ്രത്യേക സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു. എന്തായാലും കുറ്റവാളികളെ സുരക്ഷിതമായി പാർപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത പുളികീഴ് പൊലീസ് സ്റ്റേഷന്റെ അവസ്ഥ ഗൗരവമുള്ളതാണ്. പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മാണവും എങ്ങുമെത്തിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam