
തിരുവനന്തപുരം: കടയ്ക്കാവൂരിലെ വിവാദ പോക്സോ കേസിൽ പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഐ.ജി ഹർഷിത അട്ടല്ലൂരി ഇന്ന് അന്വേഷണം തുടങ്ങും. കേസ് ഫയലുകൾ ഐ.ജി വിളിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ കുടുംബം ഇന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും. അമ്മക്കെതിരെ പരാതി നൽകിയ കുട്ടിയെ പരിശോധനകൾക്കായി മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാനും പൊലീസ് ശ്രമമുണ്ട്.
കേസിന്റെ ആദ്യഘട്ടമായ പരാതി മുതൽ കുട്ടിക്ക് കൗൺസിലിങ്ങ് നടത്തിയതും അറസ്റ്റിലേക്ക് നീങ്ങിയതുമടക്കം മുഴുവൻ നടപടികളും ഐ.ജി പരിശോധിക്കും. കുടുംബവഴക്ക് നിലനിൽക്കുന്ന കേസാണെന്ന് അറിഞ്ഞിട്ടും നടപടികളിൽ പൊലീസ് തിടുക്കം കാട്ടിയോ, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചോ എന്നതടക്കം അറിയുന്നതിനാണ് ഫയലുകൾ വിളിപ്പിച്ചിരിക്കുന്നത്. ആറ്റിങ്ങൽ ഡെവൈഎസ്പിയിൽ നിന്നും കടയ്ക്കാവൂർ എസ്.ഐയിൽ നിന്നും വിവരങ്ങൾ ആരായും. കേസ് കെട്ടിച്ചമച്ചതാണെന്നു കാട്ടി സമഗ്രാന്വേഷണമാവശ്യപ്പെട്ട് കുടുബം നൽകുന്ന പരാതിയും ഐ.ജിയായിരിക്കും അന്വേഷിക്കുക. പൊലീസിനെതിരെ ബാലക്ഷേമസമിതി നൽകുന്ന പരാതിയും ഐ.ജിയ്ക്ക് കൈമാറിയേക്കും. വിവാദമായ പോക്സോ കേസ് അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിക്കാനും സാധ്യതയുണ്ട്. പൊലീസ് വീഴ്ച്ച ഉറപ്പായാൽ തുടരന്വേഷണത്തിന് അനുമതി തേടി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യത. അതേസമയം കേസിൽ എടുത്ത നടപടിക്രമങ്ങളിൽ വീഴ്ച്ചയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കടയ്ക്കാവൂർ പൊലീസ്.
ബാലക്ഷേമസമിതിയുടെ ആരോപത്തിനക്കം പൊലീസ് മറുപടി നൽകും. രഹസ്യമൊഴി രേഖപ്പെടുത്തമ്പോഴടക്കം കുട്ടി പരാതിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. കേസിലെ തുടർനടപടികളുടെ ഭാഗമായി കുട്ടിയുടെ മാനസിക ശാരീരിക നില അറിയുന്നതിന് പൊലീസ് കൂടുതൽ വൈദ്യപരിശോധനകൾക്ക് വിധേയമാക്കും. വിദഗ്ദരുൾപ്പെട്ട മെഡിിക്കൽ ബോർഡിന് മുന്നിലാണ് ഹാജരാക്കുക. അതേസമയം പ്രായപൂർത്തിയാകാത്ത കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതും വിവാദമാകുമോയെന്ന ആശങ്ക പൊലീസിനുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam