
മട്ടാഞ്ചേരി: മട്ടാഞ്ചേരിയില്‍ സൗജന്യകിറ്റ് വിതരണത്തിന്‍റെ പേരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാക്കിയ സഹകരണ ബാങ്ക് പ്രതിനിധികളെ അറസ്റ്റ് ചെയ്തു. ബാങ്കില്‍ നിന്നും കിട്ടിയ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നൂറുകണക്കിനാളുകളാണ് റേഷൻ കാർഡുകളുമായി ബാങ്കിനുമുന്നില്‍ തടിച്ചുകൂടിയത്. മട്ടാഞ്ചേരി സാർവജനിക് സഹകരണ ബാങ്കില്‍ നിന്നും അക്കൗണ്ട് ഉടമകള്‍ക്ക് കിട്ടിയ എസ്‍എംഎസ് സന്ദേശമാണ് ആളുകള്‍ തടിച്ചുകൂടാൻ കാരണമായത്. കഴിഞ്ഞ ദിവസം ബാങ്കിന് മുന്നില്‍ തടിച്ചുകൂടിയ ആളുകളെ പൊലീസ് ഇടപെട്ടാണ് പിരിച്ചുവിട്ടത്. സൗജന്യകിറ്റ് വാങ്ങുന്നതിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഇന്നാണെന്ന ധാരണയിലാണ് വീണ്ടും ജനങ്ങള്‍ കൂട്ടമായെത്തിയത്.
ആള്‍ക്കൂട്ടം ഒഴിവാക്കാൻ ബാങ്കിന്‍റെ ഭാഗത്ത് നിന്ന് നടപടികളുണ്ടായതുമില്ല. പൊലീസ് എത്തിയെങ്കിലും ജനക്കൂട്ടം നിയന്ത്രിക്കാനായില്ല. തുടർന്ന് ബാങ്കിന്‍റെ ചെയർമാൻ സ്വദേശി നവീൻ കുമാർ, ഡെപ്യൂട്ടി ജനറല്‍ മാനേജർ അജിത കുമാരി, ബോർഡ് മെമ്പര്‍ എൻ വി നവീൻ കുമാർ എന്നിവരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സർക്കാർ ഉത്തരവ് അനുസരിക്കാതെ ലോക്ക്‍ഡൗണ്‍ ലംഘിച്ചതിനാണ് അറസ്റ്റ്. മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. മുപ്പതിനായിരത്തിലധികം അംഗങ്ങളുള്ള സഹകരണ ബാങ്കാണിത്. റേഷൻ കാർഡുടമകളുടെ വിവരങ്ങള്‍ ബാങ്കിന്‍റെ കയ്യില്‍ ഉണ്ടായിട്ടും ആളുകളെ തെരുവില്‍ ഇറക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
അതേസമയം നിയന്ത്രണങ്ങൾ ലംഘിച്ച് പത്തനംതിട്ട വടശ്ശേരിയില്‍ അവശ്യ സാധന കിറ്റ് വിതരണം നടത്തിയ വടശ്ശേരിക്കര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രതിനിധികള്‍ക്കെതിരെ കേസെടുത്തു. എല്‍ഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ സംഘമാണ് കിറ്റുകൾ വിതരണം ചെയ്തത്. വടശ്ശേരിക്കര സർവ്വീസ് സഹകരണ ബാങ്ക് പേഴുംപാറ ബ്രാഞ്ച് ഭരണ സമിതി പ്രസിഡന്‍റിനും സെക്രട്ടറിക്കുമെതിരെയാണ് കേസ്സെടുത്തത്. കിറ്റുവാങ്ങാൻ അഞ്ഞൂറിലധികം പേര്‍ എത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam