
തിരുവനന്തപുരം: നിരവധി സ്വർണ്ണക്കടത്ത്, ഹവാല കേസുകളിലെ പ്രതിയും പിടികിട്ടാപ്പുളളിയുമായ കോഴിക്കോട് ഒളവണ്ണ സ്വദേശി രഞ്ജിതും സംഘാംഗങ്ങളും പിടിയിൽ. മുപ്പതിലേറെ കേസുകളിലെ പ്രതികളായ ഇവരെ വിതുര പൊലീസാണ് പിടികൂടിയത്. ടി പി വധക്കേസ് പ്രതി കൊടി സുനിയുമായി ചേർന്നുളള ആക്രമണക്കേസിലും ഇയാൾ പ്രതിയാണ്.
കോഴിക്കോട്, കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് പിടിയിലായത്. സ്വർണ്ണക്കടത്ത്, ഹവാല, കുഴൽപണം കടത്ത്, ഭീഷണിപ്പെടുത്തി പണംതട്ടൽ, വധശ്രമം എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഒന്നരക്കിലോ സ്വർണ്ണം കടത്തിയതിന് കുന്ദമംഗലം സ്റ്റേഷനിൽ രഞ്ജിതിക്കെതിരെ കേസുണ്ട്. കളളക്കടത്ത് സ്വർണ്ണവും ഹവാല പണവും ഏജന്റുമാരിൽ നിന്ന് പിടിച്ചുപറിച്ചതിന് നല്ലളത്തും കോയന്പത്തൂരിലും ഇയാൾക്കെതിരെ കേസുണ്ട്.
കൂത്തുപറന്പിൽ കളളക്കടടത്ത് ഏജന്റിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയാണ്. കൊടി സുനി പരോളിറങ്ങിയത് ശേഷം നടത്തിയ ഈ ആക്രമണത്തിൽ രഞ്ജിത്തും പങ്കാളിയായിരുന്നു. പൊലീസ് പിടികിട്ടാപുളളിയായി പ്രഖ്യാപിച്ച രഞ്ജിത് പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
കോഴിക്കോട് ഡിസിപിയിൽ നിന്നും തിരുവനന്തപുരം ജില്ലാപൊലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിതുര പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിതുരയിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം ഒരു സ്ത്രീയും റിസോർട്ടിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ മറ്റ് സംഘാംഗങ്ങളേയും കണ്ടെത്തി. ഇവരിൽ നിന്നും മാരകായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കിണാശേരി സ്വദേശി ഹൈജാസ്, മനോജ്, പന്തീരാങ്കാവ് സ്വദേശി നിജാസ്, കൊളാപറന്പ് സ്വദേശി രജീഷ് എന്നിവരാണ് അറസ്റ്റിലായ സംഘാംഗങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam