പണം തട്ടിപ്പറിക്കാൻ ശ്രമം; അറസ്റ്റിലായ ഇറാനിയൻ ദമ്പതികളെ റിമാൻഡ് ചെയ്തു

By Web TeamFirst Published Sep 2, 2019, 11:57 PM IST
Highlights

അബ്ദുൾ വഹാബ് പേഴ്സില്‍ നിന്ന് പണം എടുക്കുന്നതിനിടെ അത് തട്ടിപ്പറിച്ചശേഷം ദമ്പതികൾ ഓടിയെന്നാണ് കടയുടമ കൂടിയായ അബ്ദുൾ വഹാബ് പൊലീസിൽ നൽകിയ പരാതി. 

കൊല്ലം: കുണ്ടറയിലെ കടയിൽ നിന്ന് പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ഇറാനിയൻ ദമ്പതികളെ റിമാൻഡ് ചെയ്തു. ആമിര്‍ കാമിയാബിയും ഭാര്യ നസ്റിൻ കാമിയാബിയുമാണ് റിമാൻഡിലായത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുണ്ടറ ചന്ദനത്തോപ്പിലെ അബ്ദുൾ വഹാബിന്‍റെ കടയിലെത്തിയ ഇറാൻ ദമ്പതികൾ 
അവിടെ നിന്ന് സോപ്പ് വാങ്ങി. തുടര്‍ന്ന് 2000 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ടു. അബ്ദുൾ വഹാബ് പേഴ്സില്‍ നിന്ന് പണം എടുക്കുന്നതിനിടെ അത് തട്ടിപ്പറിച്ചശേഷം ദമ്പതികൾ ഓടിയെന്നാണ് കടയുടമ കൂടിയായ അബ്ദുൾ വഹാബ് പൊലീസിൽ നൽകിയ പരാതി. കടയിൽ നിന്ന് പുറത്തേക്ക് ഓടിയ ദമ്പതികളെ നാട്ടുകാര്‍ ചേർന്ന് പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു.

ഇവരുടെ യാത്രാ രേഖകള്‍ പൊലീസ് വിശദമായി പരിശോധിച്ചു. പാസ്പോർട്ടും യാത്രാ രേഖകളും വ്യാജമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കാറില്‍ നിന്ന് യുസ് ഡോളറും പലചരക്ക് സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയില്‍ ചികിത്സക്കെത്തിയ ശേഷം സുഹൃത്തിന്‍റെ കാറില്‍ സ്ഥലങ്ങൾ കാണുന്നതിനായി വന്നതാണെന്നാണ് ദമ്പതികൾ പൊലീസിന് നൽകിയ മൊഴി.

റിമാന്‍ഡ് ചെയ്ത ഇരുവരയേും കൂടുതല്‍ അന്വേഷണങ്ങൾക്കായി കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെ വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം. ഇവര്‍ സഞ്ചരിച്ചിരുന്ന ദില്ലി രജിസ്ട്രേഷനിലുള്ള കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. 

click me!