
കോഴിക്കോട്: വലിയങ്ങാടിയിൽ കടകൾ തുറന്ന വ്യാപാരികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ല അധ്യക്ഷനടക്കം എട്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വലിയങ്ങാടിയിലെ കണ്ടയിൻമെൻറ് സോണിൽ അല്ലാത്ത കടകൾ തുറക്കാമെന്ന് തീരുമാനമായിട്ടും തുറക്കാതായപ്പോൾ ആണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകൾ തുറക്കാൻ തീരുമാനിച്ചത്. വ്യാപാരികൾ കട തുറക്കാനെത്തിയതിന് പിന്നാലെ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വലിയങ്ങാടി ഇപ്പോഴും കണ്ടെയ്ൻമെൻ്റ് സോണാണെന്നും ഇതു സാധൂകരിക്കുന്ന ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ചതിനും പകർച്ചവ്യാധി നിയന്ത്രണനിയമപ്രകാരവും പത്ത് കടയുടമകൾക്കെതിരെ കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.
വ്യാപാരികളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന അധ്യക്ഷൻ ടി.നസറൂദ്ദീൻ നേരിട്ട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച നസറൂദീൻ വ്യാപാരികളെ ഉടൻ വിട്ടയച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും മുന്നറിയിപ്പ് നൽകി. പിന്നാലെ കോഴിക്കോട് ജില്ലാ കളക്ടർ തന്നെ വിഷയത്തിൽ ഇടപെടുകയും നടപടികൾ പൂർത്തിയാക്കി വ്യാപാരികളെ വിട്ടയക്കാൻ പൊലീസിനോട് നിർദേശിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam