റാങ്ക് പട്ടിക; ശിവരഞ്ജിത്തിനെയും നസീമിനെയും ന്യായീകരിച്ച് പൊലീസ് അസോസിയേഷന്‍ നേതാവ്, പൊലീസില്‍ പ്രതിഷേധം

By Web TeamFirst Published Jul 15, 2019, 11:08 AM IST
Highlights

പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു,പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പില്‍ പങ്കുവച്ച സന്ദേശമാണ് വിവാദമായിരിക്കുന്നത്. 
 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ആക്രമണക്കേസിലെ പ്രതികള്‍ പൊലീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതിനെ ന്യായീകരിച്ച പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുടെ നിലപാട് വിവാദത്തില്‍. അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു, പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പില്‍ പങ്കുവച്ച സന്ദേശമാണ് വിവാദമായിരിക്കുന്നത്. 

കോളേജിലുണ്ടായ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ബിജു, പൊലീസ് വാട്സ് ആപ് ഗ്രൂപ്പില്‍ സന്ദേശം അയച്ചത്. ഗ്രേസ്മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും ഉയര്‍ന്ന റാങ്ക് കിട്ടിയതെന്നാണ് ബിജു ന്യായീകരിച്ചത്. വിവിധ ബറ്റാലിയനുകളിലേക്കുള്ള പട്ടികകളില്‍ ഗ്രേസ്മാര്‍ക്ക് കിട്ടിയ ഒന്നിലധികം പേര്‍ ഒന്നാം സ്ഥാനത്ത് വന്നിട്ടുണ്ട്. അവര്‍ (ശിവരഞ്ജിത്തും നസീമും) ഒന്നാം സ്ഥാനത്ത് എത്താന്‍ കാരണവും ഈ ഗ്രേസ്മാര്‍ക്ക് ആണ്. തൊഴില്‍വാര്‍ത്ത റിപ്പോര്‍ട്ട് പ്രകാരം ശിവരഞ്ജിത് കാസര്‍ഗോഡ് ആണ് പരീക്ഷ എഴുതിയതെന്നും ബിജു വാട്സ് ആപ് സന്ദേശത്തില്‍ പറയുന്നുണ്ട്. 

കാസര്‍ഗോഡ് ബറ്റാലിയനിലേക്കുള്ള പരീക്ഷ ശിവരഞ്ജിത് തിരുവനന്തപുരം സെന്‍ററിലാണ് എഴുതിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. മുമ്പ് പൊലീസുകാരനെ ആക്രമിച്ച കേസിലും പ്രതിയാണ് നസീം. ഈ സാഹചര്യത്തിലാണ് പ്രതികളുടെ പൊലീസ് റാങ്ക് പട്ടിക പ്രവേശത്തെ ന്യായീകരിച്ച അസോസിയേഷന്‍ സെക്രട്ടറിയുടെ നിലപാടിനെതിരെ വാട്സ് ആപ് ഗ്രൂപ്പുകളില്‍ പ്രതിഷേധം ഉയരുന്നത്.  

click me!