
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ക്രൂരതയ്ക്ക് ഇരയായ ദളിത് യുവതി ബിന്ദു. കള്ളക്കേസിൽ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോഴാണ് അവഗണന നേരിട്ടതെന്ന് ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി നൽകാൻ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി വായിച്ചുപോലും നോക്കിയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നു.
പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാനാണ് പറഞ്ഞത്. മാല മോഷണം പോയാൽ വീട്ടുകാര്‍ പരാതി നൽകിയാൽ പൊലീസ് വിളിപ്പിക്കുമെന്നാണ് പറഞ്ഞത്. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അവഹേളനം നേരിട്ടതെന്നും ബിന്ദു പറഞ്ഞു. പലരീതിയിൽ ബന്ധപ്പെട്ട് മുൻകൂറായി അനുമതി വാങ്ങിയശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ അനുമതി ലഭിക്കുകയെന്നിരിക്കെ അത്തരത്തിൽ അഭിഭാഷകനൊപ്പം പരാതി നൽകാൻ പോയ ദളിത് യുവതിയ്ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മോശം അനുഭവമുണ്ടായത്.
ഞാനും വക്കീലും കൂടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും അപ്പോള്‍ പരാതി വായിച്ചുപോലും നോക്കാതെ അവിടെയുണ്ടായിരുന്ന സാര്‍ പൊലീസ് വിളിപ്പിക്കുമെന്ന് പറയുകയായിരുന്നുവെന്നും പി ശശിയെന്നയാള്‍ക്കാണ് പരാതി നൽകിയെന്നും ബിന്ദു പറഞ്ഞു. താൻ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഓഫീസിലൊക്കെ പോകുന്നതെന്നും ബിന്ദു പറഞ്ഞു.
തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. മണിക്കൂറുകൾ പൊലീസ് സ്റ്റേഷനിൽ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 23 നാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. താൻ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞു. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്. നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശിനിയായ ബിന്ദു അമ്പലമുക്കിലെ വീട്ടിൽ ജോലിക്ക് നിന്നപ്പോഴാണ് വീട്ടുകാര്‍ മാല മോഷണം പോയെന്നാരോപിച്ച് പൊലീസിൽ പരാതി നൽകുന്നത്. തുടര്‍ന്നാണ് പൊലീസ് ബിന്ദുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും മാനസിക പീഡനം നേരിടേണ്ടിവന്നതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam