
കൊച്ചി : തൃപ്പൂണിത്തുറയില്‍ 14കാരന്‍ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ്. കുടുംബം ഉന്നയിച്ച റാഗിംഗ് പരാതിയില്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സ്കൂളിന് പുറത്ത് മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ കുട്ടിയെ അലട്ടിയിരുന്നോ എന്ന കാര്യത്തിൽ കൂടി വ്യക്തത വരുത്തിയ ശേഷം അന്തിമ റിപ്പോര്‍ട്ട് ഉടന്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.
തൃപ്പൂണിത്തുറയിലെ 14കാരന്‍ മിഹിര്‍ അഹമ്മദിന്‍റെ ആത്മഹത്യയില്‍ കുടുംബം റാഗിംഗ് പരാതി ഉന്നയിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാവുകയും തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങുകയുമായിരുന്നു. സഹപാഠികൾ മിഹിറിനെ ശുചിമുറിയിൽ കൊണ്ടു പോയി മർദിച്ചു. ക്ലോസറ്റ് നക്കിച്ചു, മുഖം താഴ്ത്തി ഫ്ലഷ് ചെയ്തു തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് അമ്മ പരാതി നല്‍കിയത്. മിഹിര്‍ മരിച്ച് ഒരാഴ്ചക്ക് ശേഷമായിരുന്നു പരാതി. സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് മകന്‍ നേരിട്ട ദുരനുഭവം അമ്മ തിരിച്ചറിഞ്ഞത്.
എന്നാല്‍ മിഹിര്‍ മരിച്ച് ഒന്നരമാസത്തോളമായിട്ടും റാഗിങ്ങില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. അസ്വഭാവിക മരണത്തിന് കേസെടുത്തതിനപ്പുറം നിലവില്‍ സംഭവത്തില്‍ ആരെയും പ്രതി ചേര്‍ത്തിട്ട് പോലും ഇല്ല. സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അധ്യപകരുടെ മൊഴിയെടുത്തു. എന്നിട്ടും റാഗിങ്ങിന് തെളിവൊന്നും കിട്ടിയില്ലെന്നാണ് പൊലീസ് ഭാഷ്യം.
റാഗിങ്ങുമായി ബന്ധപ്പെട്ട അന്വേഷണം പുത്തന്‍ കുരിശ് പൊലീസും കുടുബത്തിന്‍റെ മൊഴിയെടുത്തടക്കമുള്ള അന്വേഷണം ഹില്‍പാലസ് പൊലീസുമാണ് നടത്തുന്നത്. സ്കൂളിന് പുറത്ത് മാനസിക സംഘര്‍ഷത്തിന് കാരണമായ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ മിഹിറിനെ അലട്ടിയിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടി മരിച്ച ദിവസം സ്കൂളിലും പിന്നീട് വീട്ടിലുമുണ്ടായ കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. വൈകാതെ ഇത് പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam