
തിരുവനന്തപുരം: വൈത്തിരിയിൽ റിസോർട്ടിൽ വച്ചു നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സിപി ജലീൽ കൊലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. ഏറ്റുമുട്ടലിനിടെയാണ് ജലീൽ കൊലപ്പെട്ടതെന്നും എന്നാൽ ജലീൽ വെടിവെച്ചുവെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
റിസോർട്ടിൽ ഏറ്റുമുട്ടലുണ്ടായെന്നും പൊലീസ് തിരിച്ചു വെടിവച്ചുവെന്നും മജിസ്റ്റീരിയൽ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം ആയുധധാരികളായ രണ്ട് മാവോയിസ്റ്റുകൾ റിസോർട്ടിൽ വന്നിരുന്നു. അവരുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ജലീലിന് ഒപ്പമുണ്ടായിരുന്നത് മാവോയിസ്റ്റ് ചന്ദ്രുവാണ്. ചന്ദ്രുവാണ് പൊലീസിന് നേരെ വെടിവച്ചത്. തിരിച്ചുള്ള പൊലീസ് ആക്രമണത്തിലാണ് ജലീലിന് വെടിയേറ്റത്. സ്ഥലപരിശോധനയിൽ ലഭിച്ച തിരകളിൽ പൊലീസിൻ്റ തോക്കിൽ ഉപയോഗിക്കാത്ത വെടിയുണ്ട ലഭിച്ചിട്ടുണ്ട്. ഇത് രക്ഷപ്പെട്ട മാവോയിസ്റ്റ് വെടിവെച്ചപ്പോൾ ഉണ്ടായതാണ്.
ഇയാളുടെ രക്തസാമ്പിളുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എകെ 47 തോക്കിൻ്റെ തിരകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ചന്ദ്രു പൊലീസിന് നേരെ വെടിവച്ചതിന് സാക്ഷികളുണ്ട്. ജലീലിൻ്റെ തോക്കിൻ്റെ ഫോറൻസിക് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയുള്ള വിവാദങ്ങളിൽ അടിസ്ഥാനമില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
മാവോയിസ്റ്റ് ജലീലിനെ അടക്കം വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തിലെ കറുത്ത അധ്യായമാണിത്. മാവോയിസ്റ്റ് ആണെന്ന് പറഞ്ഞ് എല്ലാവരെയും വെടിവെച്ച് കൊല്ലാൻ സർക്കാരിന് അധികാരം നൽകിയതാരാണ്? മജിസ്റ്റീരിയൽ അന്വേഷണം കൊണ്ട് കേസ് തെളിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam