അഖില നന്ദകുമാറിനെതിരായ പൊലീസ് കേസ്; ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണയുമായി മാധ്യമ ലോകം

Published : Jun 13, 2023, 09:58 AM ISTUpdated : Jun 13, 2023, 10:58 AM IST
അഖില നന്ദകുമാറിനെതിരായ പൊലീസ് കേസ്; ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണയുമായി മാധ്യമ ലോകം

Synopsis

മലയാള മനോരമ, മാതൃഭൂമി, മാധ്യമം, കേരള കൗമുദി ഉൾപ്പെടെയുള്ള മലയാള മാധ്യമങ്ങൾ പൊലീസ് കേസെടുത്ത സർക്കാർ നിലപാടിനെ വിമർശിച്ച് രം​ഗത്തെത്തി. പാർട്ടി സെക്രട്ടറിയുടെ ധാർഷ്ട്യ ഭീഷണി പാർട്ടിക്കുള്ളിൽ മതി. ഇത് ചൈനയോ ഉത്തര കൊറിയയോ അല്ലെന്ന് മലയാള മനോരമയുടെ മുഖപ്രസം​ഗത്തിൽ പറയുന്നു.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോ‍ർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണയുമായി മാധ്യമ ലോകം. മലയാള മനോരമ, മാതൃഭൂമി, മാധ്യമം, കേരള കൗമുദി ഉൾപ്പെടെയുള്ള മലയാള മാധ്യമങ്ങൾ പൊലീസ് കേസെടുത്ത സർക്കാർ നിലപാടിനെ വിമർശിച്ച് രം​ഗത്തെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുമായി ബന്ധപ്പെട്ട വാർത്ത അഖില നന്ദകുമാർ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയുടെ പശ്ചാത്തലത്തിൽ ആർഷോക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആർഷോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 

പാർട്ടി സെക്രട്ടറിയുടെ ധാർഷ്ട്യ ഭീഷണി പാർട്ടിക്കുള്ളിൽ മതി. ഇത് ചൈനയോ ഉത്തര കൊറിയയോ അല്ലെന്ന് മലയാള മനോരമയുടെ മുഖപ്രസം​ഗത്തിൽ പറയുന്നു. വാര്‍ത്തകൾ തങ്ങള്‍ക്ക് അനുകൂലമായാല്‍ വാഴ്ത്തുകയും വിമര്‍ശനപരമായാല്‍ അവയുടെ വായടപ്പിക്കാനുമുള്ള പ്രവണത ഭരിക്കുന്നവരിലും പാര്‍ട്ടി നേതാക്കളിലും ഏറി വരികയാണ് എന്നതിന്‍റെ അവസാന ഉദാഹരണമാണ് കേസെന്നും മലയാള മനോരമ നിരീക്ഷിക്കുന്നുണ്ട്.

സമ​ഗ്രാധിപത്യത്തിന്റെ ലക്ഷണം പ്രകടമാവുന്നുവെന്ന് മാതൃഭൂമി പറഞ്ഞു. സർക്കാരിന്റെ മാധ്യമ വിരുദ്ധ നിലപാടുകൾ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു മാതൃഭൂമിയുടെ വിമർശനം. സർക്കാർ വീഴ്ച്ചകൾക്ക് പിഴയിടേണ്ടത് മാധ്യമങ്ങൾക്കല്ലെന്ന് മാധ്യമം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പരാതികള്‍ നിലനില്‍ക്കെയാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുന്നയാള്‍ തന്നെ ഭരണത്തേയും പാര്‍ട്ടിയേയും പ്രതിക്കൂട്ടില്‍ കയറ്റുന്നതെന്നും മാധ്യമം വിശദമാക്കുന്നു. 

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തെറ്റുകള്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് സങ്കല്‍പം. എന്നാല്‍ ഈ കാലഘട്ടത്തില്‍ വാര്‍ത്തകള്‍ ആദ്യമെത്തിക്കാനുള്ള ശ്രമത്തിനിടയില്‍ കടന്നുകൂടുന്ന തെറ്റുകള്‍ തിരുത്താന്‍ കേരളത്തിലെ മാധ്യമങ്ങള്‍ മടിക്കാറില്ല. മാധ്യമങ്ങള്‍ക്ക് മാത്രമല്ല തെറ്റുകള് സംഭവിക്കാറ്. സര്‍ക്കാരിനും പാര്‍ട്ടിക്കും പൊലീസിനും തെറ്റുകള്‍ സംഭവിക്കാറുണ്ട്. തിരിച്ചറിയുമ്പോള്‍ അത് തുറന്ന് പറഞ്ഞ് ക്ഷമാപണം നടത്താറുമുണ്ട്. ഇതൊക്കെ സാധാരണ നടന്നുവരുന്ന കാര്യങ്ങളാണ്. എന്നാല്‍ ഒരു വാര്‍ത്ത ചെയ്ത ജേണലിസ്റ്റിനെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തി, കേസ് എടുക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് കേരള കൌമുദി എഡിറ്റോറിയല്‍ വിശദമാക്കുന്നു.

അഖിലക്കെതിരെ കേസെടുത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് കേരള കൗമുദിയും പറഞ്ഞു. അഖിലക്കെതിരായ കള്ളക്കേസിൽ ദേശീയ മാധ്യമങ്ങളും വിമർശനവുമായി എത്തിയിട്ടുണ്ട്.  ഇന്നലെ സംഘപരിവാറും ഇടതുപക്ഷവും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതിൽ ഒരുപോലെയാണെന്ന തലക്കെട്ടോടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ടെലഗ്രാഫ് പത്രം വാര്‍ത്ത നൽകിയിരുന്നു. ഒന്നാം പേജില്‍ വലിയ പ്രധാന്യത്തോടെയാണ് ടെലഗ്രാം വാര്‍ത്ത നല്‍കിയത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളും, ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകക്കെതിരായ നടപടിക്കെതിരെ വാര്‍ത്ത നല്‍കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർ‍ട്ടർക്കെതിരായ കേസ്: പ്രതികരിക്കാതെ യെച്ചൂരി, സർക്കാരിനെ വിമർശിച്ച് ദേശീയ മാധ്യമങ്ങൾ

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുമായി ബന്ധപ്പെട്ട വാർത്ത റിപ്പോ‍ർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോ‍ർട്ടർ അഖില നന്ദകുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. തൽസമയ വാർത്താ റിപ്പോർട്ടിങ്ങിന്‍റെ പേരിൽ റിപ്പോർട്ടറെ ഗൂഡാലോചനാക്കേസിൽ പ്രതിചേ‍ർത്തത് കേട്ടുകേൾവിയില്ലാത്തതെന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം. എന്നാൽ സർക്കാരിനേയും എസ് എഫ് ഐയേയും വിമർശിച്ചാൽ ആർക്കെതിരെയും കേസെടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് ഇടതുകേന്ദ്രങ്ങൾ. ഇതിനിടെ കേസന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം തെളിവെടുപ്പ് തുടരുകയാണ്. പരാതിക്കാരനായ പി എം ആർഷോയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളറുടെ മൊഴിയും എടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം