റോഡ് പണി തടസ്സപ്പെടുത്തി; ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

By Web TeamFirst Published Oct 3, 2019, 12:39 PM IST
Highlights

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി അരൂർ മണ്ഡലത്തിൽ പ്രകടനത്തിനെത്തിയ ഷാനിമോൾ ഉസ്മാനും കോൺ​ഗ്രസ് പ്രവർത്തകരും റോഡ് പണി തടയുകയായിരുന്നു.

അരൂർ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. എരമല്ലൂർ-എഴുപുന്ന റോഡിന്റെ അറ്റക്കുറ്റപ്പണികൾ തടസപ്പെടുത്തിയെന്ന് കാണിച്ച് തുറവൂർ പിഡെബ്ല്യുഡി എക്സക്യുട്ടീവ് എ‍ഞ്ചിനീയർ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

കഴി‍ഞ്ഞ മാസം 27-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി അരൂർ മണ്ഡലത്തിൽ പ്രകടനത്തിനെത്തിയ ഷാനിമോൾ ഉസ്മാനും കോൺ​ഗ്രസ് പ്രവർത്തകരും റോഡ് പണി തടയുകയായിരുന്നു. രാത്രി വൈകിയും എരമല്ലൂർ-എഴുപുന്ന ജം​ഗ്ഷനിൽ പിഡെബ്ല്യുഡി റോഡിന്റെ അറ്റക്കുറ്റപ്പണികൾ നടത്തുണ്ടായിരുന്നു. എന്നാല്‍ പണി നിർത്തിവയ്ക്കണമെന്ന് ഷാനിമോളും കോൺഗ്രസ് പ്രവർത്തകരും ആവശ്യപ്പെടുകയായിരുന്നു. ഏകദേശം അമ്പത് ശതമാനത്തോളം പൂർത്തിയായ റോഡിന്റെ അറ്റക്കുറ്റപ്പണികളാണ് ഷാനിമോളും പ്രവർത്തകരും തടസ്സപ്പെടുത്തിയത്.

ഷാനിമോൾ ഉസ്മാനും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് റോഡ് നിർമാണം തടസപ്പെടുത്തി എന്നാണ് പരാതി. സർക്കാർ ഉദ്യോ​ഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കേസിൽ 353-ാം വകുപ്പ് പ്രകാരമാണ് ഷാനിമോൾ ഉസ്മാനെതിരെ അരൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, തനിക്കെതിരെ കള്ള കേസാണ് എടുത്തിരിക്കുന്നതെന്നും ജയിലിൽ കിടക്കാന്‍ തയ്യാറാണെന്നും ഷാനിമോൾ ഉസ്മാന്‍ പ്രതികരിച്ചു.  

 

 ,

click me!