കൊച്ചി: ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജ്ജ് പൊലീസ് സേനക്കകത്തും സിപിഐക്ക് അകത്തും വലിയ കോളിളക്കങ്ങൾ ഉണ്ടായതിന് പിന്നാലെ സിപിഐ നേതാക്കൾക്കെതിരെ പൊലീസ് ചുമത്തിയ കേസിന്‍റെ വിശദാംശങ്ങൾ പുറത്ത്. വൻ സംഘർഷത്തിലേക്ക് എത്തിയ ഡിഐജി ഓഫീസ് മാർച്ചിൽ സിപിഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ജില്ലാ സെക്രട്ടറി പി രാജു ഒന്നാം പ്രതിയും എൽദോ എബ്രഹാം എംഎൽഎ രണ്ടാം പ്രതിയുമായാണ് കേസ്.
കല്ലും കട്ടയും കുറുവടിയുമായി എത്തിയ സിപിഐ നേതാക്കൾ കരുതിക്കൂട്ടി അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് എഫ്ഐആര്‍. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം സുഗതൻ എന്നിവരടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുളളത്. അനുമതിയില്ലാതെ നടത്തിയ മാർച്ചിൽ കണ്ടാലറിയാവുന്ന 800 പേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിച്ചു എന്നതാണ് ജാമ്യമില്ലാ വകുപ്പായി ചുമത്തിയിരിക്കുന്നത്. പൊതുമുതലിന് നാശനഷ്ടമുണ്ടാക്കിയതിനും കേസുണ്ട്.
അതേസമയം കരുതിക്കൂട്ടി ഉണ്ടാക്കിയ തെളിവുകൾ പൊലീസ് ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവിടുകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പ്രതികരിച്ചു. ലാത്തിച്ചാര്‍ജ്ജ് വിവാദത്തിൽ ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് കൈമാറും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam