
കൊച്ചി: ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പി കെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. സൈബർ ആക്രമണത്തിൽ നടപടി ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സൈബർ ക്രൈം പൊലീസ് നടപടി സ്വീകരിച്ചത്. അന്വേഷണത്തിനിടെയാണ് സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചത്. അന്വേഷണം തുടരുകയാണെന്നും മറ്റ് നടപടികൾ അതിന്‍റെ മുറയ്ക്ക് നടക്കുമെന്നുമാണ് പൊലീസ് പറയുന്നത്.
ജ. ദേവൻ രാമചന്ദ്രനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു, പൊലീസ് കേസെടുത്തു
ഇക്കഴിഞ്ഞ ഡിസംബർ 12 -ാം തിയതിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തത്. റോഡരികിൽ നിയമവിരുദ്ധമായ രീതിയിൽ സ്ഥാപിച്ച ഫ്ലക്സുകളുമായി ബന്ധപ്പെട്ട കേസിലെ കോടതി സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ടാണ് സൈബർ അധിക്ഷേപം ഉണ്ടായത്. പി കെ സുരേഷ് കുമാറടക്കമുള്ളവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലുളളത്. പാതയോരത്തെ അനധികൃത ഫ്ലക്സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ നിശിതമായി വിമർശിച്ചുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണമുണ്ടായത്. അപകീർത്തിപ്പെടുത്തൽ, കലാപം ഉണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. അസിസ്റ്റന്റ് കമ്മീഷണർ എം കെ മുരളിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണ ചുമതല നൽകിയത്.
സൈബർ ആക്രമണത്തിന് കാരണം
പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കാൻ അധികൃതർ നടപടി സ്വീകരിച്ചതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ ജഡ്ജിക്ക് എതിരെ വളരെ മോശപ്പെട്ട അധിക്ഷേപ പരാമർശവുമായി സൈബർ ഇടങ്ങളിലൂടെ രംഗത്ത് വന്നു. ഇതിനെതിരെയാണ് അഡ്വ. കുളത്തൂർ ജയ്സിങ് സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം