
കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇരട്ടകൊലപാതക കേസിൽ പ്രതി അമിത് ഉറാങ്ങ് ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രമെന്ന് പൊലീസ്. കൊലപാതകത്തിന് ശേഷം രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് വിജയകുമാറിന്റെ ഭാര്യ മീരയെ ആക്രമിച്ചത്. കൊലപാതകം നടന്ന വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് ഉപേക്ഷിക്കാൻ പ്രതി നടന്നുപോകുന്ന ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രധാന റോഡിനോട് ചേർന്നാണ് വിജയകുമാറിന്റെ വീട്. പക്ഷെ കൊല്ലാൻ ഉറപ്പിച്ചെത്തിയ അമിത് ഉറാങ്ങ് തെരഞ്ഞെടുത്തത് വയലിന് നടുവിലൂടെയുള്ള ഇടവഴിയാണ്. രാത്രി 12.30 ഓടെയാണ് അമിത് വിജയകുമാറിന്റെ വീട്ടിലേക്ക് പോകുന്നത്. കൈയ്യിൽ ആയുധങ്ങളൊന്നുമില്ല. വിജയകുമാറിന്‍റെ വീട്ടിലെ കോടാലി എടുത്ത് തന്നെയാണ് കൊലപാതകം നടത്തിയത്. രണ്ട് പേരയും കൊല്ലണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
വിജയകുമാറിനോട് മാത്രമായിരുന്നു വൈരാഗ്യം. എന്നാൽ വിജയകുമാറിനെ ആക്രമിക്കുന്നതിന്‍റെ ശബ്ദം കേട്ട് ഭാര്യ മീര ഉറക്കം ഉണർന്നതോടെയാണ് ഇവർക്ക് നേരേയും ആക്രമണം അഴിച്ചുവിട്ടത്. ഇതിന് പിന്നാലെയാണ് സിസിടിവിയുടെ ഹാർഡ് ഡിസ്ക് ഊരിയെടുത്ത് രക്ഷപെട്ടത്. പൊലീസിന്‍റെ ചോദ്യം ചെയ്യലിനോട് പൂർണമായും പ്രതി സഹകരിക്കുന്നുണ്ട്. മോഷണകേസിൽ പ്രതിയതോടെ ഇയാളുടെ ഭാര്യ ഉപേക്ഷിച്ച് പോയി. ഇതിനിടെ ഭാര്യയുടെ ഗർഭം അലസി. ഇതെല്ലാമാണ് പ്രതിക്ക് വൈരാഗ്യമുണ്ടാകാൻ കാരണം.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലടക്കം വിദഗ്ധനാണ് പ്രതി. ഒളിവിൽ കഴിയുന്നതിനിടെ ഇയാളെ കുരുക്കിയതും മൊബൈൽ ഫോൺതന്നെ. ഫോണിലെ ഗൂഗിൾ അക്കൗണ്ടിൽ മാറ്റം വരുത്താനുള്ള ശ്രമമാണ് കേസിൽ നിർണായകമായത്. ഇന്നലെ കൊലപാതകം നടന്ന വീട്ടിലും ഇന്ന് ഇയാൾ താമസിച്ച ലോഡ്ജിലും പ്രതിയെ എത്തിച്ച് തെളിവെടുത്തിരുന്നു.