
പാലക്കാട് : പാലക്കാട് തൃത്താല ഇരട്ടക്കൊലപാതക കേസിലെ പ്രതി മുസ്തഫയെ വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനായി അടുത്ത ദിവസം തന്നെ കസ്റ്റഡി അപേക്ഷ നല്‍കാനൊരുങ്ങുകയാണ് പൊലീസ്.
സുഹൃത്തുക്കളായ അന്‍സാറിനെയും അഹമ്മദ് കബീറിനെയും പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പ്രതി മുസ്തഫയുടെ മൊഴി. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്നും പ്രതി പറയുന്നു. പ്രതി മുസ്തഫ തന്നെയെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും, ഇയാള്‍ നല്‍കിയ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് പദ്ധതി.
ചൊവ്വാഴ്ച കസ്റ്റഡിക്കായുള്ള അപേക്ഷ സമര്‍പ്പിക്കും. കൊല്ലപ്പെട്ടവരെ ആസൂത്രിതമായി പുഴക്കരയിലെത്തിച്ചു കൊലപ്പെടുത്തിയതാണോ എന്നതുള്‍പ്പെടെ പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ഉറ്റ സുഹൃത്തുക്കളായ മൂവര്‍ സംഘത്തെ സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് കണ്ട ദൃക്ഷ്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍. അന്വേഷണത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ട മറ്റുചില സൂചനകള്‍ പ്രതിയില്‍ നിന്നും ലഭിച്ചതായി പൊലിസ് അറിയിച്ചു. പ്രതിയും കൊല്ലപ്പെട്ടവരും തമ്മില്‍ മറ്റ് ഇടപാടുകളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
മുസ്തഫ വെട്ടിയെന്ന് അൻസാറിന്റെ മരണമൊഴി, മരിച്ച കബീറാണ് വെട്ടിയതെന്ന് മുസ്തഫ; ദുരൂഹത
കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി പിസി ഹരിദാസിന്റെ നേതൃത്വത്തില്‍ നാല് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് കൊലപാതകവും രണ്ട് വ്യത്യസ്ത കേസുകളായാണ് അന്വേഷിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam