
കോഴിക്കോട് :
ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് ആറ് പേരില്‍ നിന്ന് മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങളില്‍ വിശ്വനാഥന് ചുറ്റം കണ്ടവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. സംഭവ സമയം ആശുപത്രി പരിസരത്ത് ഉണ്ടായിരുന്ന 450 പേരുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക നീക്കം. സംഭവ സമയം ആശുപത്രിക്ക് മുന്നില്‍ ഉണ്ടായിരുന്ന ആറ് പേരെയാണ് അന്വേഷണ സംഘം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.
ഫെബ്രുവരി ഒന്പതിന് രാത്രി 12 മണിയോടെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നിലെ സിസിടിവി ക്യാമറകളില്‍ വിശ്വനാഥനൊപ്പം നില്‍ക്കുന്നവരെയാണ് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. ആശുപത്രിക്ക് മുന്നില്‍ അസ്വസ്ഥനായി നടന്ന വിശ്വനാഥനോട് കാര്യങ്ങള്‍ തിരക്കുക മാത്രമാണ് ചെയ്തതന്ന് ഇവര്‍ മൊഴി നല്‍കി. താന്‍ ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും ഭാര്യയുടെ പ്രസവത്തിന് വന്നതാണെന്നും വിശ്വനാഥന്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നെന്ന് ഇവര്‍ പറഞ്ഞു.
എന്നാല്‍ ആരാണ് മോഷണക്കുറ്റം ആരോപിച്ചതെന്ന് വിശ്വനാഥന്‍ പറഞ്ഞില്ല. കൈവശമുണ്ടായിരുന്ന കവര്‍ തുറന്ന് കാണിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചോ എന്ന് തിരക്കിയപ്പോള്‍ കഴിച്ചെന്ന് മറുപടി നല്‍കിയ വിശ്വനാഥന്‍ പിന്നീട് ആശുപത്രി പരിസരത്ത് നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. വിശ്വനാഥന് മേല്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതും ചോദ്യം ചെയ്യല്‍ നടന്നതും മെഡിക്കല്‍ കോളജില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാത്ത ഭാഗത്ത് വച്ചാകാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇക്കാര്യം വ്യക്തമാകാന്‍ സംഭവ സമയം ആശുപത്രി പരിസരത്ത് ഉണ്ടായിരുന്ന മുഴുവന്‍ കൂട്ടിരിപ്പുകാരില്‍ നിന്നും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍രെ അടുത്ത നീക്കം. ഇതിനായി 450 പേരുടെ പട്ടിക തയ്യാറാക്കി. അതേസമയം, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമടക്കം കേസ് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.
read more ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണം; സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് അന്വേഷണ സംഘം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam