റാണയുടെ അന്തർസംസ്ഥാന നിക്ഷേപങ്ങൾ പൊലീസ് പരിശോധിക്കുന്നു, ബിനാമി നിക്ഷേപങ്ങളിലും അന്വേഷണം

By Web TeamFirst Published Jan 10, 2023, 10:41 AM IST
Highlights

കൊച്ചിയിലും മുംബൈയിലും പൂനെയിലും വൻ നിക്ഷേപങ്ങളാണ് റാണ അവകാശപ്പെടുന്നത്.

തൃശൂർ : സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയുടെ അന്തർസംസ്ഥാന നിക്ഷേപങ്ങൾ പൊലീസ് പരിശോധിക്കുന്നു. ബിനാമി നിക്ഷേപങ്ങളെപ്പറ്റിയും അന്വേഷണം തുടരുകയാണ്. നിക്ഷേപങ്ങൾ സംബന്ധിച്ച റാണയുടെ ഓഡിയോ സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കൊച്ചിയിലും മുംബൈയിലും പൂനെയിലും വൻ നിക്ഷേപങ്ങളാണ് റാണ അവകാശപ്പെടുന്നത്. പബ് തുടങ്ങാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നുമാണ് റാണ നിക്ഷേപകരോട് പറഞ്ഞിരുന്നത്.

അതിനിടെ റാണയുടെ അരിമ്പൂരെ റിസോ‍ർട്ടിന് മുന്നിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് റിസോർട്ട് പൂട്ടി കൊടികുത്തി. പ്രവീൺ റാണയ്ക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിയെന്നാണ് നിക്ഷേപകരുടെ ആരോപണം. കേസ് അന്വേഷിക്കുന്ന തൃശ്ശൂർ ഈസ്റ്റ് പൊലീസും പ്രതിക്കൊപ്പമെന്ന് നിക്ഷേപകർ ആരോപിച്ചു. 

തനിക്ക് ജീവന് ഭീഷണിയുണ്ടെന്നാണ് രണ്ടു ലക്ഷം നഷ്ടമായ നിക്ഷേപക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പണം നഷ്ടമായവർ സമരസമിതി രൂപീകരിച്ച് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ 27 ന് അരിമ്പൂര്‍ റാണാ റിസോട്ടില്‍ നടത്തിയ നിക്ഷേപ സംഗമത്തില്‍ റാണയക്ക് പിന്തുണയുമായി അന്തിക്കാട് എസ്ഐ വന്നു. ഇപ്പോള്‍ കേസന്വേഷിക്കുന്ന ഈസ്റ്റ് പൊലീസും റാണയ്ക്കൊപ്പമാണ്. പണം നഷ്ടമായ നൂറിലേറെപ്പേര്‍ തൃശൂരില്‍ യോഗം ചേര്‍ന്ന് സമര സമിതിയും രൂപീകരിച്ചു.

Read More : ഒളിവിൽ കഴിഞ്ഞ ഫ്ലാറ്റിലേക്ക് ലിഫ്റ്റിലൂടെ പൊലീസെത്തി, രണ്ടാമത്തെ ലിഫ്റ്റിലൂടെ പ്രവീൺ മുങ്ങി, പൊലീസിന് വീഴ്ച

click me!