
മലപ്പുറം: മലപ്പുറം ഏലംകുളം കൊലപാതകത്തിൽ പ്രതി വിനീഷിനെ ഇന്ന് കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ്. ഇതിനൊപ്പം പെൺകുട്ടിയുടെ അച്ഛന്‍റെ കടയിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുക്കും. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. വിനീഷിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിച്ചേക്കുമെന്നാണ് സൂചന. കൊല്ലപ്പെട്ട ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടന്നു. കുത്തേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ദൃശ്യയുടെ സഹോദരി ദേവ ശ്രീ അപകടനില തരണം ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരിൽ വിനീഷ്, ദൃശ്യയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. ദൃശ്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റ സഹോദരി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. കുട്ടികളുടെ അച്ഛന്‍റെ കട കത്തിച്ച് ശ്രദ്ധ മാറ്റിയ ശേഷമായിരുന്നു കൊലപാതകം.
അതേസമയം സംഭവത്തിൽ പൊലീസിനെ വിമർശിച്ച് സംസ്ഥാന വനിതാ കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. പ്രണയാഭ്യര്‍ഥന നടത്തി തുടര്‍ച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതില്‍ ഒതുക്കരുതെന്ന് കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്‍റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ കുറ്റപ്പെടുത്തി. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, അവരെ താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എംസി ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam