
കൊച്ചി : ബലാത്സംഗക്കേസിൽ പ്രതിയായ സിനിമാ നിർമാതാവിന് മുൻകൂർ ജാമ്യം കിട്ടാൻ ഹൈക്കോടതി ജഡ്ജിക്കെന്ന പേരിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ കൊച്ചിയിലെ അഭിഭാഷകനെതിരെ അന്വേഷണത്തിന് സംസ്ഥാന പൊലീസ്. ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍റെ സുപ്രധാന ചുമതലയിലുളള അഭിഭാഷകനെതിരെ അന്വേഷിക്കാൻ ഹൈക്കോടതി രജിസ്ട്രാർ തന്നെയാണ് ഡിജിപിയോട് ആവശ്യപ്പെട്ടത്. ആരോപണത്തിൽ വാസ്തവുമുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ പൊലീസ് കേസെടുക്കും.
കേരളാ ഹൈക്കോടതിയിൽ ആഴ്ചകളായി അഭിഭാഷകർ തമ്മിൽ ഒളിഞ്ഞും തെളിഞ്ഞും നടന്ന ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിലാണ് വിഷയം സംസ്ഥാന പൊലീസിന്‍റെ മുന്നിലേക്കെത്തുന്നത്. മാസങ്ങൾക്കുമുമ്പായിരുന്നു സിനിമാ നിർമാതാവ് പ്രതിയായ ബലാത്സംഗക്കേസ് കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ മുൻകൂർ ജാമ്യം ലഭിക്കുന്നതിന് കേസ് പരിഗണിച്ച ജഡ്ജിക്ക് നൽകാനെന്ന പേരിൽ 25 ലക്ഷം രൂപ അഭിഭാഷകൻ വാങ്ങിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കേസ് പരിഗണിച്ച ജഡ്ജിക്ക് ചില വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് വിജിലൻസ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ആരോപണം കോടതിക്ക് കളങ്കമുണ്ടാക്കുന്നതാണെന്ന് ബോധ്യപ്പെട്ടു. ആരോപണവിധേയനായ അഭിഭാഷകനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു മുതിർന്ന ജഡ്ജിമാർ. ഇവരുടെ കൂടി നിർദേശ പ്രകാരമാണ് കേസിൽ പ്രാഥമികാന്വേഷണം നടത്താൻ ഹൈക്കോടതി രജിസ്ട്രാർ തന്നെ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടത്.
കൊച്ചി സിറ്റി കമ്മീഷണറുടെ മേൽനോട്ടത്തിലാകും അന്വേഷണം നടത്തുക. അന്വേഷണ വിവരങ്ങൾ പരമാവധി രഹസ്യമാക്കി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. ആരോപണത്തിൽ കാര്യമുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ കേസെടുക്കും. എന്നാൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റെ സുപ്രധാന ചുമതലയിലേക്ക് താൻ എത്തുന്നത് തടയാൻ എതിർവിഭാഗം നടത്തുന്ന കരുതിക്കൂട്ടിയുളള നീക്കമാണ് ഇപ്പോഴത്തേതെന്നാണ് അഭിഭാഷകന്‍റെ വിശദീകരണം.