
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഹൈക്കോടതിയിലെ വിജിലൻസ് അഭിഭാഷകന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഹൈക്കോടതിയിലേക്ക് പോകും വഴി അജ്ഞാത വാഹനം തുടർച്ചയായി തന്നെ പിന്തുടർന്നിരുന്നെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് നടപടി.
വിജിലൻസ് അഭിഭാഷകനായ എ രാജേഷിനാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. തന്‍റെ വാഹനത്തെ രണ്ട് തവണ അജ്ഞാതർ പിന്തുടർന്നെന്ന് ഇദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുളള കാറുകളാണ് കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ കൊച്ചി നഗരത്തിലൂടെ സംശയാസ്പദമായ സാഹചര്യത്തിൽ അഭിഭാഷകനെ പിന്തുടർന്നത്.
ഇതിനിടെ ടി ഒ സൂരജ് അടക്കമുളള നാലു പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം പതിനേഴ് വരെ നീട്ടി. പാലം അഴിമിതി സംബന്ധിച്ച് ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ലെന്നും ജയിലിൽ നിന്ന് ഇറങ്ങിയശേഷം കാര്യങ്ങളെല്ലാം വെളിപ്പെടുത്തുമെന്നും മുൻ പൊതൂമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് പറഞ്ഞു.
ടി ഒ സൂരജ് അടക്കം നാലുപ്രതികളും സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ ഹൈക്കോടതി ഹർജി ഉത്തരവിനായി മാറ്റി. പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുൻപ് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യവുമായി എഞ്ചിനീയർമാരുടെ സംഘടനയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam