യു പ്രതിഭയ്ക്കെതിരായ അധിക്ഷേപം: ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു

Published : Mar 27, 2026, 07:18 AM IST
 U Prathibha

Synopsis

കായംകുളം എംഎൽഎ യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. വിവാദ പരാമർശത്തെ തുടർന്ന് യുഡിഎഫും മുസ്ലിം ലീഗും ഇർഷാദിനെതിരെ നടപടിയെടുക്കുകയും, പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എൽ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. പ്രതിഭയുടെയടക്കം പരാതിയിൽ കേസെടുത്ത കായംകുളം പൊലീസാണ് ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ജാമ്യത്തിൽ വിടുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐ ടി നിയമ പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. ഒരു സ്ത്രീക്ക് നേരെയും അധിക്ഷേപ പരാമർശം നടത്തുന്നത് ഭൂഷണമല്ലെന്നും ആ ഒരു സന്ദേശം പൊതുസമൂഹത്തിന് വരണമെന്നും പറഞ്ഞുകൊണ്ടാണ് അധിക്ഷേപ പരാമർശത്തിൽ പ്രതിഭ പരാതി നൽകിയത്. വ്യാപകമായി സൈബർ ആക്രമണം നേരിടുകയാണെന്നും സൈബർ ഇടത്തിൽ വ്യക്തിഹത്യ നേരിടുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു. വ്യക്തിഹത്യ നടത്തുന്നവർക്ക് മുന്നറിയിപ്പ് കൊടുക്കേണ്ടതുണ്ടെന്നും സൈബർ അധിക്ഷേപം തുടർന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും യു പ്രതിഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇർഷാദിനെ പുറത്താക്കി ലീഗും യുഡിഎഫും

അതേസമയം പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധപ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിക്കെതിരെ യു ഡി എഫും മുസ്ലിം ലീഗും നടപടിയെടുത്തിരുന്നു. ഇർഷാദിനെ കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് യു ഡി എഫ് നീക്കിയപ്പോൾ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് മുസ്ലിം ലീഗ് സസ്പെൻഡ‍് ചെയ്തു. കായകുളം യു ഡി എഫ് ചെയർമാനായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്‌ ബഷീർ കുട്ടിയെ നിയമിച്ചതായും നേതൃത്വം അറിയിച്ചു. ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസാണ് അറിയിച്ചത്.

ഖേദം പ്രകടിപ്പിച്ച് ഇർഷാദ് ചക്കാലശ്ശേരി

അതേസമയം പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഇർഷാദ് ചക്കാലശ്ശേരിയും ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ പ്രസ്താവന സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്നുമാണ് ഇർഷാദ് പറഞ്ഞത്. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക് ചാതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെര‍ഞ്ഞെടുപ്പിലേക്ക് വരികയാണ് പ്രതിഭയെന്നായിരുന്നു യു ഡി എഫ് മണ്ഡലം കൺവീനറും ലീ​ഗ് നേതാവുമായിരുന്ന ഇർഷാദ് ചക്കാലശ്ശേരി നടത്തിയ വിവാദ പരാമർശം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തളിപ്പറമ്പിലെ വിമത സ്ഥാനാർത്ഥിയെ പുറത്താക്കി കോൺഗ്രസ്, നടപടി കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെതിരെ
പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എൻഎംആർ റസാഖിന്റെ ചിഹ്നത്തിൽ മാറ്റം; മോതിരമാണ് പുതിയ ചിഹ്നം